സൂറിച്ച് : ഫുട്ബോളിൽനിന്ന് ചോക്ലേറ്റിന്‍റെ മധുരത്തിലേക്ക്

മഞ്ഞുമലകളുടെ നാട്ടിലേക്ക്… സ്വിറ്റ്സർലൻഡിലൂടെ ഒരു കുടുംബയാത്ര — ഭാഗം 3

Update: 2026-09-28 02:30 GMT
Editor : Rafeeq MM | By : Gulf Desk


ഫുട്​ബാളും ചോക്ലേറ്റും എല്ലാം നിറയുന്ന സ്വിറ്റ്​സർലാൻഡ്​ യാത്ര അനുഭവം പി.കെ. മുസ്തഫ മാനന്തേരി, റിയാദ് പങ്കുവെക്കുന്നു

മഞ്ഞുമലകളും പച്ചപ്പണിഞ്ഞ താഴ്‌വരകളും പിന്നിട്ട് ഞങ്ങളുടെ യാത്ര പിന്നീട് സൂറിച്ച് നഗരത്തിലേക്കായിരുന്നു. സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ നഗരമായ സൂറിച്ചിലെത്തിയപ്പോൾ അതുവരെ കണ്ടിരുന്ന മലഗ്രാമങ്ങളിൽനിന്ന് വ്യത്യസ്തമായ മറ്റൊരു ജീവിതാന്തരീക്ഷമാണ് അനുഭവപ്പെട്ടത്. കുട്ടികൾ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന ഇടമായിരുന്നു സൂറിച്ചിലെ ഫിഫ മ്യൂസിയം. ലോകകപ്പ് മത്സരങ്ങളുടെ അവിസ്മരണീയ മുഹൂർത്തങ്ങളും പഴയകാല ജേഴ്സികളും ഫുട്ബാൾ ഇതിഹാസങ്ങളുടെ ഓർമകൾ നിറഞ്ഞ പ്രദർശനങ്ങളും കണ്ടുനടക്കുമ്പോൾ കുട്ടികളുടെ ആവേശത്തിന് അതിരുകളില്ലായിരുന്നു. ഫുട്ബാളിന്‍റെ ആവേശത്തിൽനിന്ന് പിന്നീട് ഞങ്ങൾ എത്തിയത് സ്വിറ്റ്സർലൻഡിന്റെ മറ്റൊരു ലോകപ്രശസ്തമായ ആകർഷണകേന്ദ്രത്തിലേക്കായിരുന്നു, ലിൻഡ് ഹോം ഓഫ് ചോക്ലേറ്റ്. കൊക്കോക്കുരുവിൽനിന്ന് ചോക്ലേറ്റ് രൂപപ്പെടുന്നതുവരെയുള്ള വിവിധ ഘട്ടങ്ങളും ചരിത്രവും നിർമാണരീതികളുമെല്ലാം കൗതുകത്തോടെ കണ്ടുനടന്നു.വിവിധതരം ചോക്ലേറ്റുകൾ രുചിച്ചും ഇഷ്ടപ്പെട്ടവ തെരഞ്ഞെടുത്തും നടന്നത്​ മധുരമുള്ള അനുഭവമായി മാറി.

Advertising
Advertising

റൈൻ വെള്ളച്ചാട്ടം: മടക്കയാത്രക്കുമുമ്പൊരു ഇരമ്പൽ

സ്വിറ്റ്സർലൻഡിനോട് വിടപറയുന്നതിനുമുമ്പ് ഞങ്ങളുടെ അവസാന യാത്രകളിലൊന്നായിരുന്നു റൈൻ വെള്ളച്ചാട്ടത്തിലേക്ക്. വിശാലമായ നദിയിലൂടെ ഒഴുകിയെത്തുന്ന വെള്ളം പാറക്കെട്ടുകൾക്കിടയിലൂടെ അതിശക്തമായി താഴേക്ക് പതിക്കുന്നു. വെള്ളച്ചാട്ടത്തിന്‍റെ ഇരമ്പലും ചിതറിത്തെറിക്കുന്ന വെള്ളത്തുള്ളികളും ചുറ്റും നിറഞ്ഞുനിന്നു. ആ കാഴ്ചയ്ക്കുമുന്നിൽ നിൽക്കുമ്പോൾ മനസ്സ് അറിയാതെ നാട്ടിലെ മറ്റൊരു വെള്ളച്ചാട്ടത്തിലേക്കാണ് സഞ്ചരിച്ചത് — നമ്മുടെ സ്വന്തം അതിരപ്പിള്ളിയിലേക്ക്. റൈൻ വെള്ളച്ചാട്ടത്തിന്‍റെ പ്രൗഢിയും കരുത്തും ആസ്വദിക്കുമ്പോഴും പച്ചപ്പണിഞ്ഞ കാടുകൾക്കിടയിൽനിന്ന് താഴേക്ക് കുതിച്ചുചാടുന്ന അതിരപ്പിള്ളിയുടെ സൗന്ദര്യത്തിനായിരുന്നു അൽപം കൂടുതൽ സ്ഥാനം.പ്രകൃതിയുടെ സൗന്ദര്യത്തിന് അളവുകോലുകളില്ലല്ലോ. ഓരോ കാഴ്ചയും നമ്മുടെ മനസ്സിൽ പതിയുന്നത് അതുമായി ബന്ധപ്പെട്ട അനുഭവങ്ങളുടെയും ഓർമകളുടെയും അടിസ്ഥാനത്തിലാണ്. സ്വിറ്റ്സർലൻഡിലെ യാത്ര അവസാനിക്കുമ്പോൾ പിന്നിട്ട വഴികളിലേക്ക് ഒരിക്കൽക്കൂടി മനസ്സ് തിരിഞ്ഞുനോക്കി....ജനീവയിലെ തടാകതീരം, സേണിലെ ശാസ്ത്രലോകം, റിഗി കുൽമിന്‍റെ മലമുകൾ, ലൂസേണിന്റെ ചരിത്രവഴികൾ, ഗോൾഡൻപാസ് എക്സ്പ്രസിന്റെ ജനാലകൾ, ഇന്റർലാക്കന്റെ രണ്ട് തടാകങ്ങൾ, ബെർണിലെ ഐൻസ്റ്റീന്റെ ഓർമകൾ, യുങ്ഫ്രൗയോക്കിലെ മഞ്ഞുപരപ്പ്, ലൗട്ടർബ്രുന്നന്‍റെ വെള്ളച്ചാട്ടങ്ങൾ, സൂറിച്ചിലെ ഫുട്ബാളും ചോക്ലേറ്റും…ഈ യാത്രയിലെ ഓരോ ഇടവും ഓരോ അനുഭവമായി മനസ്സിൽ പതിഞ്ഞുകഴിഞ്ഞിരുന്നു.

സ്വിസ് ട്രാവൽ പാസ്: യാത്രയിലെ നിശ്ശബ്ദ കൂട്ടാളി

സ്വിറ്റ്സർലൻഡിന്‍റെ പ്രകൃതിസൗന്ദര്യം എത്രത്തോളം വിസ്മയിപ്പിക്കുന്നുവോ, അവിടത്തെ ജീവിതച്ചെലവ് അത്രത്തോളം അമ്പരപ്പിക്കുന്നതാണ്. ഹോട്ടലും ഭക്ഷണവും പൊതുഗതാഗതവും മലമുകളിലേക്കുള്ള യാത്രകളുമെല്ലാം കൂട്ടിനോക്കുമ്പോൾ സ്വിറ്റ്സർലൻഡ് നമ്മുടെ പോക്കറ്റിനെ ചെറുതായൊന്നുമല്ല പരീക്ഷിക്കുന്നത്. എങ്കിലും കൃത്യമായി ആസൂത്രണം ചെയ്താൽ യാത്രാച്ചെലവ് ഒരു പരിധിവരെ നിയന്ത്രിക്കാം. ഞങ്ങൾക്ക്​ ഏറെ സഹായകമായത് സ്വിസ് ട്രാവൽ പാസ് ആയിരുന്നു.നാല് ദിവസത്തെ രണ്ടാം ക്ലാസ് മുതിർന്നവർക്കുള്ള പാസിന് 309 സ്വിസ് ഫ്രാങ്കാണ് നിരക്ക്. ആദ്യകാഴ്ചയിൽ ഈ തുക അല്പം കൂടുതലായി തോന്നിയേക്കാം. എന്നാൽ ട്രെയിനിലും ബസിലും ട്രാമിലും ബോട്ടിലുമെല്ലാം ഓരോ തവണയും പ്രത്യേകം ടിക്കറ്റെടുക്കേണ്ട ബുദ്ധിമുട്ടില്ലാതെ സഞ്ചരിക്കാനുള്ള സൗകര്യം യാത്ര തുടങ്ങിയതോടെ മനസ്സിലായി.പാസിന്‍റെ പരിധിയിൽ വരുന്ന നിരവധി മ്യൂസിയങ്ങളിൽ സൗജന്യ പ്രവേശനവും മലമുകളിലേക്കുള്ള ചില യാത്രകളിൽ പ്രത്യേക ഇളവുകളും ലഭിക്കും. കുടുംബമായി യാത്ര ചെയ്യുന്നവർക്ക് മറ്റൊരു പ്രധാന സൗകര്യമാണ് സ്വിസ് ഫാമിലി കാർഡ്. രക്ഷിതാക്കളോടൊപ്പം യാത്ര ചെയ്യുന്ന ആറുമുതൽ പതിനഞ്ച് വയസ്സുവരെയുള്ള യോഗ്യരായ കുട്ടികൾക്ക് ഇതിന്‍റെ പരിധിയിൽ വരുന്ന പൊതുഗതാഗത യാത്രകൾ അധിക ചെലവില്ലാതെ നടത്താം.

ചില യാത്രകൾ ഒരിക്കലും അവസാനിക്കില്ല

മഞ്ഞുമലകളുടെ നാട്ടിലേക്കുള്ള ഞങ്ങളുടെ യാത്ര അവസാനിച്ചിരിക്കുന്നു. വിമാനത്തിൽ മടങ്ങുമ്പോൾ ജനാലയ്ക്കപ്പുറം സ്വിറ്റ്സർലൻഡിന്‍റെ മലനിരകൾ പതുക്കെ അകലുകയായിരുന്നു. എന്നാൽ മനസ്സിൽ ആ യാത്ര അകലുകയായിരുന്നില്ല.റിഗി കുൽമിന്‍റെ ഉയരങ്ങളിൽനിന്ന് കണ്ട തടാകങ്ങൾ, യുങ്ഫ്രൗയോക്കിലെ മഞ്ഞിൽ കുട്ടികളുടെ ചിരി, ഗോൾഡൻപാസ് എക്സ്പ്രസിന്‍റെ ജനാലക്കപ്പുറം ഓടിമറഞ്ഞ കാഴ്ചകൾ, ലൗട്ടർബ്രുന്നന്‍റെ വെള്ളിത്തിരപോലെയുള്ള വെള്ളച്ചാട്ടം, റൈൻ വെള്ളച്ചാട്ടത്തിനുമുന്നിൽ നിന്നപ്പോൾ ഓർമയിലെത്തിയ അതിരപ്പിള്ളി… എല്ലാം ഇന്നും മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു.കുടുംബത്തോടൊപ്പം സഞ്ചരിച്ച ഒരു യാത്ര എന്നതിലുപരി, പ്രകൃതിയെയും ചരിത്രത്തെയും ശാസ്ത്രത്തെയും മനുഷ്യന്‍റെ ചിന്തകളെയും ഒരുമിച്ച് അടുത്തറിയാനുള്ള അവസരമായിരുന്നു ഇത്​. മഞ്ഞുമലകളുടെ നാട്ടിൽനിന്ന് മടങ്ങിയെത്തിയെങ്കിലും, ആ യാത്ര സമ്മാനിച്ച ഓർമകളിലൂടെ ഇടക്കിടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ചില യാത്രകൾ നമ്മൾ പൂർത്തിയാക്കുന്നതല്ല. അവ നമ്മളിൽ പൂർത്തിയാകാതെ തുടരുകയാണ്…!

(അവസാനിച്ചു)

Writer - Rafeeq MM

contributor

Editor - Rafeeq MM

contributor

By - Gulf Desk

contributor

Similar News