സ്വർണപാതയിൽനിന്ന് മഞ്ഞിന്‍റെ ലോകത്തേക്ക്

മഞ്ഞുമലകളുടെ നാട്ടിലേക്ക്… സ്വിറ്റ്സർലൻഡിലൂടെ ഒരു കുടുംബയാത്ര — ഭാഗം 2

Update: 2026-09-27 02:30 GMT
Editor : Rafeeq MM | By : Gulf Desk

 ചരി​ത്രവും ഭൂപ്രകൃതിയും ശാസ്​ത്രവും എല്ലാം ഒന്നിക്കുന്ന  സ്വിറ്റ്​സർലാൻഡ്​ യാത്ര പി.കെ. മുസ്തഫ മാനന്തേരി, റിയാദ് എഴുതുന്നു

ലൂസേണിലെ ചരിത്രവഴികളിൽനിന്ന് ഞങ്ങളുടെ യാത്ര വീണ്ടും മലനിരകളിലേക്ക് തിരിഞ്ഞു. ഇത്തവണ ലക്ഷ്യം യാത്രയുടെ തന്നെ സൗന്ദര്യം അനുഭവിക്കൽ തന്നെയായിരുന്നു. സ്വിറ്റ്സർലൻഡിലെ ട്രെയിൻ യാത്രകൾക്ക് പ്രത്യേക സൗന്ദര്യമുണ്ട്. ജനാലക്കരികിലിരുന്ന് പുറത്തേക്ക് നോക്കിയാൽ മാത്രം മതി. പലപ്പോഴും ലക്ഷ്യസ്ഥാനത്തെത്തുന്നതിനുമുമ്പുതന്നെ പ്രകൃതി മനോഹരമായ കാഴ്ചകൾ സമ്മാനിച്ചുതുടങ്ങും. മോൺട്രിയുവിൽനിന്ന് ആൽപ്സ് മലനിരകളുടെ മടിത്തട്ടിലൂടെ സാനൻലാൻഡ്–സിമെന്‍റാൽ താഴ്‌വരകൾ കടന്ന് ഇന്‍റർലാക്കനിലേക്കുള്ള ഗോൾഡൻപാസ് എക്സ്പ്രസ് യാത്ര അതിലൊന്നായിരുന്നു.ഇടക്കിടെ ക്യാമറയെടുത്ത് ചിത്രങ്ങൾ പകർത്താൻ ശ്രമിച്ചു. എന്നാൽ ഒരു കാഴ്ച പകർത്തുന്നതിനിടയിൽത്തന്നെ അടുത്തത് ജനാലക്കപ്പുറം പ്രത്യക്ഷപ്പെടും. കുറച്ചുകഴിഞ്ഞപ്പോൾ കാമറ താഴെവെച്ച് വെറുതെ പുറത്തേക്ക് നോക്കിയിരിക്കാൻ തോന്നി.എല്ലാ കാഴ്ചകളും ചിത്രമാക്കുന്നതിനേക്കാൾ ചില നിമിഷങ്ങൾ നേരിട്ട് അനുഭവിക്കുന്നതിലാണ് യാത്രയുടെ യഥാർഥ സന്തോഷം.മലനിരകൾക്കിടയിലൂടെ തീവണ്ടി മുന്നോട്ടുനീങ്ങുമ്പോൾ ലക്ഷ്യസ്ഥാനത്തെത്താനുള്ള തിടുക്കമൊന്നും തോന്നിയില്ല. പകരം, ഈ യാത്ര കുറച്ചുകൂടി നീണ്ടിരുന്നെങ്കിൽ എന്നായിരുന്നു മനസ്സിൽ.

Advertising
Advertising

ഇന്‍റർലാക്കൻ: രണ്ട് തടാകങ്ങൾക്കിടയിലെ സ്വപ്നഭൂമി

ഗോൾഡൻപാസ് എക്സ്പ്രസിന്‍റെ ജനാലയിലൂടെ കണ്ട പ്രകൃതിസൗന്ദര്യത്തിന്‍റെ തുടർച്ചയായിരുന്നു ഇന്‍റർലാക്കൻ. ഒരു വശത്ത് തൂൺ തടാകം. മറുവശത്ത് ബ്രിയൻസ് തടാകം. അവയ്ക്കിടയിൽ ആൽപ്സ് മലനിരകളുടെ മടിത്തട്ടിൽ പച്ചപ്പണിഞ്ഞുകിടക്കുന്ന മനോഹരനഗരം. നഗര സൗന്ദര്യം കൂടുതൽ വിശാലമായി കാണാനായി തെരഞ്ഞെടുത്തത്​ ഹാർഡർ കുൽമ് ആയിരുന്നു.കുത്തനെയുള്ള മലഞ്ചരിവിലൂടെ കയറുന്ന ഫ്യൂണിക്കുലർ റെയിൽവേയിൽ ഇരിക്കുമ്പോൾ താഴെയുള്ള നഗരം പതുക്കെ കൊച്ചുചിത്രമായി മാറിത്തുടങ്ങി. മലമുകളിലെത്തിയപ്പോൾ താഴെ പച്ചപ്പിൽ പൊതിഞ്ഞ ഇന്‍റർലാക്കൻ. ഇരുവശങ്ങളിലുമായി നീലക്കണ്ണാടികൾപോലെ തിളങ്ങുന്ന തൂൺ തടാകവും ബ്രിയൻസ് തടാകവും. ദൂരെ ആകാശത്തെ തൊടുന്ന ആൽപ്സ് മലനിരകൾ. മലമുകളിലെ തണുത്ത കാറ്റേറ്റ് രണ്ട് തടാകങ്ങളെയും ഒരുമിച്ച് നോക്കിനിന്ന ആ നിമിഷം ഇന്‍റർലാക്കനിലെ പ്രിയപ്പെട്ട ഓർമ്മകളിലൊന്നായി.

ബെർൺ: ചരിത്രവഴികളിൽ ഐൻസ്റ്റീന്‍റെ ഓർമ

ബെർണിന്‍റെ പഴയ നഗരത്തിലൂടെ നടക്കുമ്പോൾ നൂറ്റാണ്ടുകളുടെ പഴക്കമുള്ള കെട്ടിടങ്ങളും കല്ലുപാകിയ തെരുവുകളും മനോഹരമായ ഗോപുരങ്ങളും ചേർന്ന് പഴയൊരു യൂറോപ്യൻ നഗരത്തിന്‍റെ ചരിത്രത്തിലൂടെ സഞ്ചരിക്കുന്ന അനുഭവമായിരുന്നു. എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് ലോകത്തിന്‍റെ സമയസങ്കൽപ്പങ്ങളെ മാറ്റിമറിച്ച മഹാനായ ശാസ്ത്രജ്ഞന്‍റെ ജീവിതവുമായി ബന്ധപ്പെട്ട ചെറിയൊരു അപ്പാർട്ട്മെന്‍റായിരുന്നു — ഐൻസ്റ്റീൻ ഹൗസ്.ബെർണിലെ ക്രാംഗാസെ 49-ൽ സ്ഥിതിചെയ്യുന്ന ആ അപ്പാർട്ട്മെന്‍റിൽ ആൽബർട്ട് ഐൻസ്റ്റീൻ 1903 മുതൽ 1905 വരെ താമസിച്ചിരുന്നു. ആ പഴയ കെട്ടിടത്തിന്‍റെ പടികൾ കയറുമ്പോൾ മനസ്സിൽ തെളിഞ്ഞത് ഐൻസ്റ്റീന്‍റെ സമവാക്യങ്ങൾ മാത്രമായിരുന്നില്ല, ഒരു സാധാരണ മനുഷ്യന്‍റെ അസാധാരണമായ ചിന്തകളായിരുന്നു. സമയത്തെയും സ്ഥലത്തെയും കുറിച്ചുള്ള മനുഷ്യന്‍റെ ധാരണകളെ മാറ്റിമറിച്ച പ്രത്യേക ആപേക്ഷികതാസിദ്ധാന്തം അവതരിപ്പിച്ചത് ഐൻസ്റ്റീൻ ഈ നഗരത്തിൽ ജീവിച്ചിരുന്ന കാലത്താണ്. സേണിൽ ശാസ്ത്രത്തിന്‍റെ സാങ്കേതികവളർച്ചയുടെ വിസ്മയമായിരുന്നെങ്കിൽ, ബെർണിൽ ആ വളർച്ചയെ മുന്നോട്ടുനയിക്കുന്ന മനുഷ്യചിന്തയുടെ കരുത്തായിരുന്നു.

യുങ്ഫ്രൗയോക്ക്: മഞ്ഞിന്‍റെ ലോകത്തേക്ക്

സ്വിറ്റ്സർലൻഡ് യാത്രയിൽഎല്ലാവരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ദിവസങ്ങളിലൊന്നായിരുന്നു യുങ്ഫ്രൗയോക്കിലേക്കുള്ള യാത്ര. മഞ്ഞുമൂടിയ ആൽപ്സ് മലനിരകളുടെ മുകളിലെത്താനും ചിത്രങ്ങളിലും സിനിമകളിലും കണ്ടിരുന്ന മഞ്ഞിന്‍റെ ലോകം നേരിട്ട് അനുഭവിക്കാനുമുള്ള ആവേശം കുട്ടികൾക്കായിരുന്നു ഏറ്റവും കൂടുതൽ. ഇന്‍റർലാക്കനിൽനിന്ന് ഗ്രിൻഡൽവാൾഡ് ലക്ഷ്യമാക്കി യാത്ര ആരംഭിച്ചപ്പോൾ ജനാലക്കപ്പുറം പച്ചപ്പണിഞ്ഞ മലഞ്ചരിവുകളും താഴ്‌വരകളിൽ ചിതറിക്കിടക്കുന്ന കൊച്ചുവീടുകളും ഒന്നൊന്നായി പിന്നിലേക്ക് മറഞ്ഞുകൊണ്ടിരുന്നു. ഗ്രിൻഡൽവാൾഡ് ടെർമിനലിൽനിന്ന് ഈഗർ എക്സ്പ്രസ് കേബിൾ കാറിൽ മലമുകളിലേക്കുള്ള യാത്ര തുടർന്നു. തലേദിവസവും അന്ന് രാവിലെയും പെയ്ത മഴയുടെ ബാക്കിപത്രമായി മലനിരകളിൽ കോടമഞ്ഞ് നിറഞ്ഞിരുന്നു. ഉയരങ്ങളിലേക്ക് നീങ്ങുന്തോറും താഴെയുള്ള ഗ്രാമങ്ങളും വീടുകളും മഞ്ഞിൽ മറഞ്ഞും തെളിഞ്ഞും നിന്നു. ഈഗർ ഗ്ലേഷ്യർ സ്റ്റേഷനിലെത്തിയശേഷം മലയുടെ ഉള്ളിലൂടെ തുരങ്കങ്ങൾ കടന്നുപോകുന്ന യുങ്ഫ്രൗ റെയിൽവേയിൽ യാത്ര തുടർന്നു. ഒടുവിൽ സമുദ്രനിരപ്പിൽനിന്ന് 3,454 മീറ്റർ ഉയരത്തിലുള്ള യുങ്ഫ്രൗയോക്കിലെത്തി.തീവണ്ടിയിൽനിന്നിറങ്ങി മഞ്ഞുപരപ്പിലേക്ക് കടന്നപ്പോൾ മുന്നിൽ മറ്റൊരു ലോകം തുറന്നതുപോലെ തോന്നി. ചുറ്റും മഞ്ഞുപുതച്ച മലനിരകൾ. ഇടക്കിടെ കാഴ്ചകളെ മറച്ചും തെളിച്ചും നീങ്ങുന്ന കോടമഞ്ഞ്. മുഖത്തേക്ക് അടിച്ചുകയറുന്ന തണുത്ത കാറ്റ്. താഴെ വേനൽക്കാലത്തിന്‍റെ പച്ചപ്പ്; മുകളിൽ തണുത്തുറഞ്ഞ മഞ്ഞിന്‍റെ ലോകം! ആ തണുപ്പൊന്നും കുട്ടികളുടെ ആവേശത്തിന് തടസ്സമായില്ല. ഗൾഫ് നാടുകളിലെ ചൂടേറിയ കാലാവസ്ഥയിൽ വളർന്ന കുട്ടികൾക്ക് ചിത്രങ്ങളിൽ മാത്രം കണ്ടിരുന്ന മഞ്ഞ് നേരിട്ട് അനുഭവിക്കുന്നത് വലിയൊരു ആഘോഷമായി മാറി. മഞ്ഞ് കൈയിലെടുത്തും പരസ്പരം എറിഞ്ഞും അതിലൂടെ ഓടിനടന്നും അവർ ആസ്വദിച്ചു. അവരുടെ സന്തോഷം കണ്ടപ്പോൾ ഞങ്ങൾക്കും കുട്ടികളോടൊപ്പം ചേരാതിരിക്കാൻ കഴിഞ്ഞില്ല.ഐസ് പാലസിലെ മഞ്ഞുകൊണ്ട് തീർത്ത ഗുഹകളും തുരങ്കങ്ങളും ശിൽപ്പങ്ങളുമെല്ലാം കണ്ടുനടന്നതും കൗതുകകരമായിരുന്നു.

ഗ്രിൻഡൽവാൾഡ്: മലമടക്കുകളിലെ കൊച്ചുഗ്രാമം

യുങ്ഫ്രൗയോക്കിലെ മഞ്ഞിന്‍റെ ലോകത്തുനിന്ന് താഴേക്കിറങ്ങിയപ്പോൾ ഗ്രിൻഡൽവാൾഡ് വീണ്ടും ഞങ്ങൾക്കുമുന്നിൽ തെളിഞ്ഞു. മലമുകളിലെ മഞ്ഞിന്‍റെ വെളുപ്പിൽനിന്ന് താഴ്‌വരയിലെ പച്ചപ്പിലേക്കുള്ള മടക്കം. ചുറ്റും തലയുയർത്തിനിൽക്കുന്ന മലനിരകൾ. അവയുടെ അടിവാരങ്ങളിൽ പച്ചപ്പിനിടയിൽ ചിതറിക്കിടക്കുന്ന മരവീടുകൾ. ഇടയ്ക്കിടെ കോടമഞ്ഞിൽ മറഞ്ഞുപോകുന്ന മലഞ്ചെരിവുകൾ യുങ്ഫ്രൗയോക്കിൽനിന്ന് തിരിച്ചിറങ്ങിയതിന്‍റെ ക്ഷീണമുണ്ടായിരുന്നെങ്കിലും ഗ്രിൻഡൽവാൾഡിന്‍റെ പ്രകൃതിസൗന്ദര്യം കുറച്ചുനേരംകൂടി ചെലവഴിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചു. മലമുകളിലേക്ക് കയറിച്ചെന്ന് കാഴ്ചകൾ കാണുന്നതുപോലെതന്നെ, മലയുടെ അടിവാരത്തുനിന്ന സൗന്ദര്യം ആസ്വദിക്കുന്നതും മനോഹരമായൊരു അനുഭവമാണെന്ന് അവിടെവെച്ച് മനസ്സിലായി.

ലൗട്ടർബ്രുന്നൻ: വെള്ളച്ചാട്ടങ്ങളുടെ താഴ്‌വര

ഗ്രിൻഡൽവാൾഡിന്‍റെ മലമടക്കുകളിൽനിന്ന് യാത്ര തുടർന്നത് സ്വിറ്റ്സർലൻഡിലെ മറ്റൊരു പ്രകൃതിവിസ്മയമായ ലൗട്ടർബ്രുന്നനിലേക്കായിരുന്നു. ഇരുവശത്തും ആകാശത്തോളം ഉയർന്നുനിൽക്കുന്ന പാറക്കെട്ടുകൾ. അവക്കിടയിൽ പച്ചപ്പണിഞ്ഞു നീണ്ടുകിടക്കുന്ന താഴ്‌വര. മലമുകളിൽനിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടങ്ങൾ. ഏറ്റവും കൂടുതൽ ആകർഷിച്ചത് ഷ്റ്റൗബ്ബാക്ക് വെള്ളച്ചാട്ടമായിരുന്നു. ഉയർന്ന പാറക്കെട്ടിന്‍റെ മുകളിൽനിന്ന് താഴേക്ക് പതിക്കുന്ന വെള്ളം കാറ്റിൽ ചിതറി നേർത്ത ജലകണങ്ങളായി മാറുന്നു. മലയുടെ നെറുകയിൽനിന്ന് താഴ്‌വരയിലേക്ക് ഒരു വെള്ളിത്തിര തൂക്കിയിട്ടിരിക്കുന്നതുപോലെ...യാത്രയുടെ തിരക്കുകളും സമയത്തിന്‍റെ ഓട്ടവുമെല്ലാം മറന്ന് പ്രകൃതിയുടെ ആ ശാന്തതയിൽ കുറച്ചുനേരം അലിഞ്ഞുചേർന്നു.

മഞ്ഞിന്റെ തണുപ്പും മലകളുടെ നിശ്ശബ്ദതയും വെള്ളച്ചാട്ടങ്ങളുടെ ഇരമ്പലും പിന്നിലാക്കി ഇനി യാത്ര നഗരജീവിതത്തിന്റെ മറ്റൊരു മുഖത്തേക്കായിരുന്നു — സൂറിച്ചിലേക്ക്. അതേക്കുറിച്ച്​ നാളെ..

Writer - Rafeeq MM

contributor

Editor - Rafeeq MM

contributor

By - Gulf Desk

contributor

Similar News