റോഡ് അറ്റകുറ്റപ്പണി; കിഴക്കൻ പ്രവിശ്യയിലെ കിങ് ഫഹദ് റോഡ് ടണൽ ഭാഗികമായി അടക്കുന്നു
ഇരുദിശകളിലേക്കുമുള്ള വലതുവശത്തെ ട്രാക്കുകളിലാണ് നാളെ മുതൽ നിയന്ത്രണം
Update: 2026-10-16 09:57 GMT
ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ കിങ് ഫഹദ് റോഡ് ടണൽ ഭാഗികമായി അടച്ചു. റോഡിലെ കോൺക്രീറ്റ് പ്രതലങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഖലീഫ ഉമർ ബിൻ അൽ ഖത്താബ് സ്ട്രീറ്റുമായി ചേരുന്ന ഭാഗത്തെ ടണലിലാണ് പ്രവൃത്തികൾ നടക്കുന്നത്. ഇരുദിശകളിലേക്കുമുള്ള വലതുവശത്തെ ട്രാക്കുകളാണ് അടച്ചിടുന്നത്. ഓരോ ദിശയിലെയും പ്രവൃത്തികൾ രണ്ട് ഘട്ടങ്ങളിലായി തുടർച്ചയായി പൂർത്തിയാക്കും.
പ്രവൃത്തികൾ നടക്കുന്ന പശ്ചാത്തലത്തിൽ ഡ്രൈവർമാർ ഗതാഗത നിർദേശങ്ങളും അംഗീകൃത ബദൽ പാതകളും കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിൽ ഗതാഗത തടസ്സം ഒഴിവാക്കാനും സുരക്ഷ ഉറപ്പാക്കാനും ബദൽ വഴികൾ ഉപയോഗിക്കണമെന്നും മുനിസിപ്പാലിറ്റി നിർദേശിച്ചു.