റിയാദിൽ ഖനന പദ്ധതികൾക്ക് ഉടൻ തുടക്കം കുറിക്കുമെന്ന് സൗദി ധാതു വിഭവ മന്ത്രാലയം

രാജ്യ തലസ്ഥാനത്തിന്റെ കിഴക്കായി സ്ഥിതി ചെയ്യുന്ന വിശാല പ്രദേശത്താണ് ഖനന പദ്ധതി ആരംഭിക്കുന്നത്. ഖനന പദ്ധതിക്കുള്ള ലൈസൻസ് നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് ധാതു വിഭവകാര്യ ഉപ മന്ത്രി ഖാലിദ് അൽ മുദൈഫർ പറഞ്ഞു.

Update: 2022-01-10 15:55 GMT
Advertising

സൗദിയിലെ റിയാദിൽ ഖനന പദ്ധതികൾക്ക് ഉടൻ തുടക്കം കുറിക്കുമെന്ന് സൗദി ധാതു വിഭവ മന്ത്രാലയം അറിയിച്ചു. മൂന്ന് ബില്യൺ റിയാൽ വരെ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതികൾക്കാണ് ലൈസൻസ് അനുവദിക്കുക. ഇതിനിടെ സൗദി അറേബ്യ ആദ്യമായി സംഘടിപ്പിക്കുന്ന ആഗോള ഫ്യൂച്ചർ മിനറൽ ഫോറത്തിനുള്ള ഒരുക്കങ്ങൾ റിയാദിൽ പൂർത്തിയായി.

രാജ്യ തലസ്ഥാനത്തിന്റെ കിഴക്കായി സ്ഥിതി ചെയ്യുന്ന വിശാല പ്രദേശത്താണ് ഖനന പദ്ധതി ആരംഭിക്കുന്നത്. ഖനന പദ്ധതിക്കുള്ള ലൈസൻസ് നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് ധാതു വിഭവകാര്യ ഉപ മന്ത്രി ഖാലിദ് അൽ മുദൈഫർ പറഞ്ഞു. രണ്ട് മുതൽ മൂന്ന് ബില്യൺ റിയാൽ വരെയുള്ള നിക്ഷേപമാണ് രാജ്യം ഈ രംഗത്ത് പ്രതീക്ഷിക്കുന്നത്. റിയാദിൽ നിന്നും 170 കിലോമീറ്റർ അകലെയുള്ള വിശാല പ്രദേശമാണ് ഖനനത്തിനായി നിശ്ചയിച്ചിരിക്കുന്നത്. മൂല്യമേറിയ വിവിധ ഇനം ധാതുക്കൾ ഇവിടെ നിന്ന് വേർതിരിച്ചെടുക്കാനാണ് പദ്ധതി. നിശ്ചിത ഏരിയയിലേക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇതിനകം വികസിപ്പിച്ചിട്ടുണ്ട്.

റോഡ്, വൈദ്യുതി, ഇന്റർനെറ്റ് സൗകര്യങ്ങളാണ് ഇതിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ഇതിനിടെ സൗദി അറേബ്യ ആദ്യമായി സംഘടിപ്പിക്കുന്ന ആഗോള ഫ്യൂച്ചർ മിനറൽ ഫോറത്തിന് നാളെ റിയാദിൽ തുടക്കമാകും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ നൂറിലധികം രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം വിദഗ്ധരും 150 ലധികം ആഗോള നിക്ഷേപകരും പങ്കെടുക്കും. ഖനന മേഖലയുമായി ബന്ധപ്പെട്ട വ്യത്യസ്ത വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയാകും.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News