കുറയുന്ന ഓരോ കിലോയ്ക്കും 500 ദിര്‍ഹം സമ്മാനം; ഭാരം കുറയ്ക്കല്‍ ചലഞ്ചില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് പതിനായിരത്തിലധികമാളുകള്‍

'വെര്‍ച്വല്‍' വിഭാഗത്തിലെ വിജയികള്‍ക്ക് സൗജന്യ ഹോട്ടല്‍ താമസം, ഷോപ്പിങ്-മെഡിക്കല്‍ ചെക്കപ്പ് വൗച്ചറുകള്‍ തുടങ്ങിയവയാണ് സമ്മാനമായി ലഭിക്കുക

Update: 2021-12-23 11:00 GMT
Advertising

റാസല്‍ഖൈമ: കുറയ്ക്കുന്ന ഓരോ കിലോയ്ക്കും 500 ദിര്‍ഹം വീതം നല്‍കാമെന്ന് കേട്ടാല്‍ ഒന്ന് ശ്രമിച്ചു നോക്കാന്‍ തോന്നാത്തവരുണ്ടാകുമോ..? എന്നാല്‍ അത്തരമൊരു മത്സരത്തിന്റെ ഭാഗമാകാനുള്ള അവസരം ഉപയോഗപ്പെടുത്തുകയാണിപ്പോള്‍ യുഎഇ നിവാസികള്‍. റാസല്‍ഖൈമയില്‍ ശരീരഭാരം കുറയ്ക്കല്‍ (വെയ്റ്റ് ലൂസര്‍ ചലഞ്ച്) പ്രോഗ്രാമില്‍ ഇതുവരെ 10,000 ത്തിലധികമാളുകളാണ് രജിസ്റ്റര്‍ ചയ്തിരിക്കുന്നത്. ഡിസംബര്‍ 17ന് ആരംഭിച്ച ചലഞ്ച് 10 ആഴ്ചയോളം നീണ്ടുനില്‍ക്കുന്നതാണ്.

അമിതഭാരം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ തടയുന്നതിനായി ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ ലക്ഷ്യമിട്ടാണ് ചലഞ്ച് സംഘടിപ്പിച്ചിരിക്കുന്നത്. 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും മത്സരത്തിന്റെ ഭാഗമാകാം. 'ഫിസിക്കല്‍', 'വെര്‍ച്വല്‍' എന്നിങ്ങനെ രണ്ടുവിഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്.

ഫിസിക്കല്‍ മത്സരത്തില്‍ പുരുഷ-സ്ത്രീ വിഭാഗങ്ങളിലെ ഓരോ വിജയിക്കും, അവര്‍ കുറച്ച ഓരോ കിലോയ്ക്കും 500 ദിര്‍ഹം വീതം സമ്മാനത്തുക ലഭിക്കും. പങ്കെടുക്കുന്നവരുടെ ഉയരം, ഭാരം, ബിഎംഐ(ബോഡി മാസ് ഇന്‍ഡെക്‌സ്), രക്തസമ്മര്‍ദ്ദം എന്നിവയെല്ലാം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ രേഖപ്പെടുത്തി വയ്ക്കും. തുടര്‍ന്ന് മത്സരാര്‍ത്ഥികള്‍ക്ക് ആഴ്ചതോറുമുള്ള ഭക്ഷണക്രമവും വ്യായാമ നിര്‍ദ്ദേശങ്ങളും നല്‍കും.

ഏകദേശം 3,000 ആളുകള്‍ ചലഞ്ചില്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അതിന്റെ മൂന്നിരട്ടിയാളുകളാണ് ഇതിനകം തന്നെ മത്സരത്തിനായി ഒരുങ്ങിയതെന്ന് അറേബ്യന്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഡോ. റാസ സിദ്ദിഖി പറഞ്ഞു.

ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളുടെ വര്‍ദ്ധിച്ച അവബോധത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'വെര്‍ച്വല്‍' വിഭാഗത്തിലെ വിജയികള്‍ക്ക് സൗജന്യ ഹോട്ടല്‍ താമസം, ഷോപ്പിങ്-മെഡിക്കല്‍ ചെക്കപ്പ് വൗച്ചറുകള്‍ തുടങ്ങിയവയാണ് സമ്മാനമായി ലഭിക്കുക.

2018 ല്‍ ആരോഗ്യ-പ്രതിരോധ മന്ത്രാലയമാണ് പ്രോഗ്രാം ആദ്യമായി ആരംഭിച്ചത്. അന്ന് വിവാഹിതരായ ആളുകളില്‍ നടത്തിയ ഒരു സര്‍വേ പ്രകാരം, യുഎഇയിലെ 33 ശതമാനം സ്ത്രീകളും 40 ശതമാനം പുരുഷന്മാരും അമിതഭാരമുള്ളവരാണെന്നും 38 ശതമാനം സ്ത്രീകളും 15.8 ശതമാനം പുരുഷന്മാരും അമിതവണ്ണമുള്ളവരാണെന്നും കണ്ടെത്തിയിരുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News