റമദാനിൽ ഇഫ്താറിന് മുമ്പുള്ള സമയങ്ങളിൽ യുഎഇയിൽ റോഡപകടങ്ങൾ വർധിച്ചു

ഉച്ചക്ക് 2 മുതൽ വൈകുന്നേരം 4 വരെ ഏറ്റവും അപകടകരം

Update: 2026-02-12 11:44 GMT

ദുബൈ: റമദാനിൽ ഇഫ്താറിന് മുമ്പുള്ള സമയങ്ങളിൽ യുഎഇയിൽ റോഡപകടങ്ങൾ വർധിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ റമദാനിൽ സമർപ്പിച്ച 2,771 മോട്ടോർ ഇൻഷുറൻസ് ക്ലെയിം വിശകലനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൂടുതൽ അപകടസാധ്യതയുള്ള പ്രവൃത്തിദിനങ്ങൾ, കൂടുതൽ അപകടങ്ങളിൽപ്പെട്ട പ്രായക്കാർ, ഏറ്റവും അപകടസാധ്യതയുള്ള സമയങ്ങൾ എന്നിവയും റിപ്പോർട്ടിൽ പറയുന്നു.

ഉച്ചക്ക് 2 മുതൽ വൈകുന്നേരം 4 വരെ ഏറ്റവും അപകടകരമായ സമയമായതായി വിശകലനം പറയുന്നു. 2025 മാർച്ച് 1 മുതൽ 29 വരെയുള്ള കാലയളവിലെ വിവരമാണ് അൽ വത്ബ ഇൻഷുറൻസും റോഡ് സേഫ്റ്റി യുഎഇയും സംയുക്തമായി വിശകലനം ചെയ്തത്. ട്രെൻഡുകൾ തിരിച്ചറിയാനും റമദാനിന് മുമ്പ് അവബോധം വളർത്താനുമാണ് നടപടി.

Advertising
Advertising

43 ശതമാനം അപകടങ്ങളും ഉച്ചയ്ക്കും വൈകുന്നേരം 6 നും ഇടയിലാണെന്ന് വിശകലനം വ്യക്തമാക്കുന്നു. 28 ശതമാനം അപകടങ്ങൾ വൈകുന്നേരം 6 നും അർധരാത്രിക്കും ഇടയിലും സംഭവിച്ചു. ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 4 മണി വരെയുള്ള രണ്ട് മണിക്കൂർ സമയം ആകെ ക്ലെയിമുകളുടെയും 17 ശതമാനമായിരുന്നു. ദിവസത്തിലെ ഏറ്റവും കൂടുതൽ അപകട സാധ്യതയുള്ള സമയം ഇതായാണ് കണക്കാക്കുന്നത്.

തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് ഏറ്റവും കൂടുതൽ അപകട നിരക്ക് രേഖപ്പെടുത്തിയത് - 17 ശതമാനം വീതം. അതേസമയം ഞായറാഴ്ചകളാണ് ഏറ്റവും സുരക്ഷിത ദിവസം - 9 ശതമാനം.

65 ശതമാനത്തിലധികം അപകടങ്ങൾക്കും ഇടയായത് മൂന്നാം കക്ഷിയുടെ തെറ്റാണെന്നും 35 ശതമാനം പോളിസി ഉടമയുടെ തെറ്റാണെന്നും വിശകലനം കണ്ടെത്തി. 36 നും 40 നും ഇടയിൽ പ്രായമുള്ള ഡ്രൈവർമാരെയാണ് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള ഗ്രൂപ്പായി തിരിച്ചറിഞ്ഞത്. ക്ലെയിമുകളിൽ 24 ശതമാനവും ഇവരായിരുന്നു.

റമദാൻ കാലത്ത് വാഹനമോടിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് റോഡ്സേഫ്റ്റി യുഎഇയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ തോമസ് എഡൽമാൻ പറഞ്ഞു.

2,771 ക്ലെയിം ഡാറ്റ വിശകലനം ചെയ്തതായും റമദാൻ കാലഘട്ടം യുഎഇ റോഡ് ഉപയോക്താക്കൾക്ക് വെല്ലുവിളി ഉയർത്തുന്നതായും അൽ വത്ബ ഇൻഷുറൻസിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ മുരളീകൃഷ്ണൻ രാമൻ പറഞ്ഞു. റോഡ് സുരക്ഷക്കായാണ് ഡാറ്റ വിശകലനം നടത്തിയതെന്നും പറഞ്ഞു.

റമദാനിൽ സുരക്ഷിത ഡ്രൈവിങ്ങിന്

  • നിങ്ങളുടെ പരിമിതികളെക്കുറിച്ച് ബോധവാന്മാരായിരിക്കുക
  • റോഡിലെ ഇതര യാത്രക്കാരെ ശ്രദ്ധിക്കുക
  • അപ്രതീക്ഷിത കാര്യങ്ങൾ പ്രതീക്ഷിച്ച് ശ്രദ്ധയോടെ വാഹനമോടിക്കുക
  • കാര്യങ്ങൾ മുൻകൂട്ടി കാണുക, കൃത്യമായ സമയം നൽകുക
  • എല്ലായ്‌പ്പോഴും സീറ്റ് ബെൽറ്റ് ധരിക്കുക
  • ഉച്ചക്കും ഇഫ്താറിനും ഇടയിലുള്ള സമയത്ത് കൂടുതൽ ശ്രദ്ധിക്കുക
  • മറ്റു വാഹനങ്ങളുടെ പെട്ടെന്നുള്ള ചലനങ്ങൾ മുൻകൂട്ടി കാണുക
  • മതിയായ അകലം പാലിക്കുക
  • തിരക്കും വേഗതയും ഒഴിവാക്കാൻ ഷെഡ്യൂളുകൾ ശരിയായി ആസൂത്രണം ചെയ്ത് നേരത്തെ പുറപ്പെടുക
  • സാധ്യമെങ്കിൽ സൂര്യാസ്തമയ സമയത്ത് യാത്ര ചെയ്യാതിരിക്കുക
  • സന്ധ്യാസമയത്ത് ലൈറ്റുകൾ ഉപയോഗിക്കുക
  • ക്ഷീണം തോന്നിയാൽ വിശ്രമിക്കുക, മതിയായ ഉറക്കം നേടുക
  • സാധ്യമാകുന്നിടത്തെല്ലാം പൊതുഗതാഗതമോ ടാക്‌സികളോ ഉപയോഗിക്കുക
  • കാൽനടയാത്രക്കാർ, സൈക്ലിസ്റ്റുകൾ, മോട്ടോർ സൈക്കിൾ യാത്രക്കാർ എന്നിവർ കൂടുതൽ ജാഗ്രത പാലിക്കുക
Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News