ദുബൈ റോഡിൽ കൈവിട്ട അഭ്യാസം; വനിതാ റൈഡർമാർ പിടിയിൽ
ഇവരുടെ ബൈക്കുകൾ ദുബൈ പൊലീസ് പിടിച്ചെടുത്തു
ദുബൈ: ദുബൈയിലെ റോഡിൽ നമ്പർ മറച്ചുവെച്ച ബൈക്കിൽ കൈവിട്ട അഭ്യാസം നടത്തിയ വനിതാ റൈഡർമാർ പിടിയിലായി. ഇവരുടെ ബൈക്കുകൾ ദുബൈ പൊലീസ് പിടിച്ചെടുത്തു. വാഹനം തിരിച്ചുകിട്ടാൻ അമ്പതിനായിരം ദിർഹം പിഴയടക്കേണ്ടി വരും.ദുബൈയിലെ റോഡിൽ വനിതാ റൈഡർമാർ നടത്തിയ ഈ അഭ്യാസ പ്രകടനങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഇവർ പിടിയിലായത്.
സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന വിധം വാഹനമോടിച്ചതിന് പൊലീസ് ഇവർക്ക് 2000 ദിർഹം പിഴയും 23 ബ്ലാക് പോയന്റും ചുമത്തി. അറുപത് ദിവസത്തേക്ക് ഇവരുടെ ബൈക്കുകൾ പൊലീസ് കണ്ടുകെട്ടി. ഈ വാഹനങ്ങൾ തിരികെ ലഭിക്കാൻ ഉടമ അമ്പതിനായിരം ദിർഹം പിഴ നൽകണം.
അപകടകരമായ അഭ്യാസങ്ങൾക്ക് പുറമെ നിയമനടപടികളിൽ രക്ഷപ്പെടാൻ ഇവർ നമ്പർ പ്ലേറ്റുകളിൽ കൃത്രിമം കാണിച്ചെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇത്തരം ഡ്രൈവിങ് പ്രവണതകൾ ശ്രദ്ധയിൽ പെട്ടാൽ ദുബൈ പൊലീസിന്റെ മൊബൈൽ ആപ്പിലെ പൊലീസ് ഐ സേവനം വഴി അധികൃതരെ വിവരം അറിയിക്കാം. അല്ലെങ്കിൽ 901 എന്ന നമ്പറിൽ റിപ്പോർട്ട് ചെയ്യണമെന്നും പൊലീസ് അറിയിച്ചു.