ബാഗേജ് പരിധി കൂട്ടി, കുറഞ്ഞ നിരക്കിൽ ടിക്കറ്റ്; ഇളവുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവർക്ക് 10 കിലോ ബാഗേജ് സൗകര്യം അധികമായി ലഭിക്കും

Update: 2025-01-22 17:04 GMT
Editor : Thameem CP | By : Web Desk

ദുബൈ: അന്താരാഷ്ട്ര യാത്രക്കാർക്ക് കൂടുതൽ ബാഗേജ് ഇളവുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. യാത്രക്കാർക്ക് 30 കിലോ ചെക്ക് ഇൻ ബാഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജും കൊണ്ടുപോകാമെന്ന അറിയിപ്പിന് പിന്നാലെയാണ് എയർ ഇന്ത്യ എക്‌സ്പ്രസ് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്. ജിസിസി രാഷ്ട്രങ്ങളിലേക്കും സിംഗപ്പൂരിലേക്കുമാണ് ഇളവുകൾ. കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവർക്ക് ഇനിമുതൽ 10 കിലോ ബാഗേജ് സൗജന്യമായി കൊണ്ടു പോകാനാകും. ഇതോടെ കുഞ്ഞിനും മുതിർന്നയാൾക്കുംകൂടി കൊണ്ടുപോകാവുന്ന സൗജന്യ ബാഗേജിന്റെ പരിധി 47 കിലോ ആയി. കാബിൻ ബാഗേജിൽ രണ്ട് ബാഗാണ് അനുവദിക്കുക. ഓരോ ബാഗും ഏഴു കിലോ മാത്രമേ പാടുള്ളൂ. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന പ്രവാസികൾക്ക് ആശ്വാസകരമാകുന്നതാണ് തീരുമാനം.

Advertising
Advertising

ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്കായി എക്സ്പ്രസ് ലൈറ്റ് എന്ന പേരിൽ കുറഞ്ഞ നിരക്കിൽ പുതിയ ടിക്കറ്റും വിമാനക്കമ്പനി അവതരിപ്പിച്ചു. എക്സ്പ്രസ് ലൈറ്റ് ടിക്കറ്റുകാർക്ക് മൂന്നുകിലോ സൗജന്യ ഹാൻഡ് ബാഗേജ് കൈയിൽ കരുതാം. ലൈറ്റ് ടിക്കറ്റ് എടുത്തവർക്ക് പിന്നീട് വേണമെങ്കിൽ പണം നൽകി കൂടുതൽ ബാഗേജ് കൊണ്ടുപോകാനും അവസരമുണ്ട്.

ബിസിനസ് ക്ലാസിന് തുല്യമായ എക്സ്പ്രസ് ബിസ് ടിക്കറ്റ് എടുക്കുന്നവർക്ക് 40 കിലോ വരെ ചെക്ക് ഇൻ ബാഗേജ് അനുവദിക്കും. സംഗീത ഉപകരണങ്ങൾ സൗജന്യമായി കൈയിൽ കരുതാമെന്നും എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. എന്നാൽ നിശ്ചിത വലിപ്പത്തിൽ കൂടുതലുള്ള ഉപകരണങ്ങൾ കൊണ്ടുപോകാൻ അധിക സീറ്റ് ബുക്ക് ചെയ്യണം.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News