വേരിയബിൾ താരിഫിന് ശേഷം ദുബൈയിൽ ശരാശരി പാർക്കിങ് ഫീസ് 51% വർധിച്ചു

ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ മണിക്കൂറിൽ 3.03 ദിർഹമായാണ് നിരക്ക് വർധിച്ചത്

Update: 2025-11-10 12:38 GMT

ദുബൈ: 2025 ലെ മൂന്നാം പാദത്തിൽ ദുബൈയിൽ പാർക്കിങിന്റെ മണിക്കൂറിലുള്ള ശരാശരി ചെലവ് 51 ശതമാനം വർധിച്ചതായി പാർക്കിൻ കമ്പനി പിജെഎസ്സി. കമ്പനിയുടെ മാർക്കറ്റ് ഡിസ്‌ക്ലോസറിലാണ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ചാണ് വർധനവുണ്ടായത്.

2025 ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ മണിക്കൂറിൽ 3.03 ദിർഹമായാണ് നിരക്ക് വർധിച്ചത്. ഏപ്രിലിൽ വേരിയബിൾ പാർക്കിംഗ് താരിഫ് നിലവിൽ വന്നതിനുശേഷം 2.01 ദിർഹമിൽ നിന്നാണ് ഈ വർധനവുണ്ടായത്. എ, സി സോണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ബി, ഡി സോണുകളിലാണ് ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തിയത്. ദുബൈയിലെ ഏറ്റവും വലിയ പെയ്ഡ് പബ്ലിക് പാർക്കിങ് സേവനദാതാവാണ് പാർക്കിൻ.

Advertising
Advertising

2025 ലെ രണ്ടാമത്തെയും മൂന്നാമത്തെയും പാദങ്ങൾക്കിടയിൽ പുതിയ പൊതു പാർക്കിംഗ് സ്ഥലങ്ങൾ കൊണ്ടുവന്നിരുന്നു. ഇതിനാൽ വെയ്റ്റഡ്-ആവറേജ് താരിഫ് 3.04 ദിർഹത്തിൽ നിന്ന് 3.03 ദിർഹമായി കുറയുകയായിരുന്നു.

ദുബൈയിലെ എല്ലാ പൊതു പാർക്കിംഗ് സോണുകളിലും അടയ്ക്കുന്ന ശരാശരി ഫീസാണ് വെയ്റ്റഡ് ആവറേജ് അവേർലി താരിഫ്. സ്റ്റാൻഡേർഡ്, പ്രീമിയം ഏരിയകളിലെ വ്യത്യസ്ത താരിഫുകളുടെ സംയോജിത ഫലത്തെയും പീക്ക്, ഓഫ്-പീക്ക് സമയങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങളെയും ഇത് പ്രതിഫലിപ്പിക്കും.

2025 ഏപ്രിൽ നാല് മുതലാണ് ദുബൈയിലെ പാർക്കിങ് വേരിയബിൾ-താരിഫ് ഘടനയിലേക്ക് മാറിയത്. ഡിമാൻഡ്, സ്ഥലം, സമയം എന്നിവയെ അടിസ്ഥാനമാക്കിയാണ് താരിഫ് നിശ്ചയിക്കുന്നത്. ഡൗൺടൗൺ ദുബൈ, ബിസിനസ് ബേ, ദെയ്‌റ, ജുമൈറ തുടങ്ങിയ ഉയർന്ന ഡിമാൻഡ് പ്രദേശങ്ങളിൽ പ്രീമിയം പാർക്കിംഗ് അവതരിപ്പിച്ചു. പീക്ക്-അവർ നിരക്കുകൾ ആദ്യ മണിക്കൂറിൽ 6 ദിർഹമായി നിശ്ചയിച്ചു. രാവിലെ 8 മുതൽ രാവിലെ 10 വരെയും വൈകുന്നേരം 4 മുതൽ രാത്രി 8 വരെയുമാണ് പീക്ക്-അവർ. ഓഫ്-പീക്ക് നിരക്കുകളിൽ മാറ്റമില്ല. അതേസമയം രാത്രി 10 മുതൽ രാവിലെ 8 വരെയും ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും പാർക്കിങ് സൗജന്യമാണെന്ന് പാർക്കിൻ പറയുന്നു.

താരിഫ് മാറ്റത്തിനുശേഷം, സ്ഥിരം വാഹനമോടിക്കുന്നവർ സീസണൽ കാർഡുകളിലേക്ക് മാറിയിരിക്കുകയാണ്. ദൈനംദിന നിരക്കുകൾ നൽകുന്നതിന് പകരമാണിത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News