യുഎഇ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജനുവരി 3 മുതല്‍ ഗ്രീന്‍ പാസ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമാക്കി

യുഎഇ-അംഗീകൃത കോവിഡ് വാക്സിന്‍ രണ്ട് ഡോസും യോഗ്യരായവര്‍ ബൂസ്റ്റര്‍ ഷോട്ടുകളും സ്വീകരിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ആളുകള്‍ക്ക് ഫെഡറല്‍ വകുപ്പുകളിലേക്കുള്ള പ്രവേശനം അനുവദിക്കുകയൊള്ളു

Update: 2021-12-20 07:02 GMT

അബുദാബി: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഫെഡറല്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കായി ഗ്രീന്‍ പാസ് പ്രോട്ടോക്കോള്‍ സജീവമാക്കിയതായി യുഎഇ അധികൃതര്‍ അറിയിച്ചു. 2022 ജനുവരി 3 മുതലായിരിക്കും നിയമം നടപ്പിലാക്കുക.

യുഎഇ-അംഗീകൃത കോവിഡ് വാക്സിന്‍ രണ്ട് ഡോസും യോഗ്യരായവര്‍ ബൂസ്റ്റര്‍ ഷോട്ടുകളും സ്വീകരിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ആളുകള്‍ക്ക് ഫെഡറല്‍ വകുപ്പുകളിലേക്കുള്ള പ്രവേശനം അനുവദിക്കുകയൊള്ളു. അല്‍ ഹൊസന്‍ ആപ്പിലെ പച്ച നിറം നിലനിര്‍ത്താന്‍ ഓരോ 14 ദിവസത്തിനിടയിലും നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലം അനിവാര്യമാണ്.

Advertising
Advertising

ഫെഡറല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ തേടിയെത്തുന്ന ജീവനക്കാര്‍ക്കും യുഎഇയിലെ താമസക്കാര്‍ക്കും കോവിഡ് സുരക്ഷാ പ്രോട്ടോക്കോള്‍ ബാധകമായിരിക്കും.

ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്‌സിനേഷനില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ അവരുടെ ഗ്രീന്‍ സ്റ്റാറ്റസ് സജീവമായി നിലനിര്‍ത്താന്‍ ഓരോ ഏഴ് ദിവസത്തിലും പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ഫലം സൂക്ഷിക്കേണ്ടതാണ്. എങ്കിലും, 16 വയസ്സിന് താഴെയുള്ള കുട്ടികളെ ഗ്രീന്‍ പാസ് പ്രോട്ടോക്കോളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നിശ്ചിത ഇടവേളകളില്‍ തന്നെ പരിശോധനകള്‍ നടത്താതിരുന്നാല്‍ അല്‍ഹൊസന്‍ ആപ്പിലെ പച്ച നിറം ചാര നിറമാകുകയും അത്തരം വ്യക്തികള്‍ക്ക് ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് പ്രവേശനത്തിന് അനുമതി ലഭിക്കാതിരിക്കുകയും ചെയ്യും.

പുതിയ കോവിഡ് വകഭേദങ്ങള്‍ ലോകമെമ്പാടും വ്യാപിച്ചതിനാല്‍ ബൂസ്റ്റര്‍ വാക്‌സിന്‍ ഷോട്ടുകള്‍ എടുക്കേണ്ടതിന്റെ പ്രാധാന്യത്തേയും ആരോഗ്യ-പ്രതിരോധ മന്ത്രാലയം എടുത്ത് പറഞ്ഞു. പൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുത്ത വ്യക്തികള്‍ക്ക് അവരുടെ രണ്ടാമത്തെ ഡോസ് എടുത്ത് ആറ് മാസത്തിന് ശേഷമാണ് ബൂസ്റ്റര്‍ ഷോട്ടുകള്‍ സ്വീകരിക്കാന്‍ സാധിക്കുക.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News