ചരിത്രത്തിലേക്ക് ഓടിക്കയറാം...; ദുബൈ മാരത്തൺ 25-ാം വർഷത്തിലേക്ക്
ഫെബ്രുവരി ഒന്നിനാണ് മാരത്തൺ
ദുബൈ: ദുബൈ മാരത്തൺ 25-ാം വർഷത്തിലേക്ക്. ഫെബ്രുവരി ഒന്ന്, ഞായറാഴ്ചയാണ് ഈ വർഷത്തെ മാരത്തൺ. ഫുൾ മാരത്തൺ (42.2 കിലോമീറ്റർ), ഹാഫ്-മാരത്തൺ (21.1 കിലോമീറ്റർ), 10 കിലോമീറ്റർ റോഡ് റേസ്, 4 കിലോമീറ്റർ ഫൺ റൺ എന്നിങ്ങനെ വിവിധ ഇനങ്ങളാണ് മാരത്തണിലുണ്ടാകുക. കുടുംബങ്ങൾക്കും ആദ്യമായി പങ്കെടുക്കുന്നവർക്കും ഫൺ റണാണ് അനുയോജ്യം. മാരത്തൺ എലൈറ്റ് രാവിലെ 5.45ന് ആരംഭിക്കും. മാരത്തൺ മാസ്സസ് രാവിലെ 6.30 നും തുടങ്ങും. പത്ത് കിലോമീറ്റർ റോഡ് റേസ് രാവിലെ എട്ട് മണിക്കും നാല് കിലോമീറ്റർ ഫൺ റൺ രാവിലെ പത്ത് മണിക്കുമാണ് ആരംഭിക്കുക.
അൽ തരീം റോഡിലാണ് മാരത്തണിന്റെ തുടക്കം. മദീനത്ത് ജുമൈറയ്ക്ക് ശേഷമുള്ള അൽ സുഫൂഹിൽ വെച്ച് 10 കിലോമീറ്റർ- നാല് കിലോമീറ്റർ റേസുകൾ ആരംഭിക്കും. എല്ലാ റേസുകളും അവസാനിക്കുക ഉമ്മു സുഖീം റോഡിന് സമീപമുള്ള ദുബൈ പൊലീസ് അക്കാദമിയിലായിരിക്കും.
ഞായറാഴ്ചത്തെ ദുബൈ മെട്രോ സമയം നീട്ടി
ദുബൈ മാരത്തണോട് അനുബന്ധിച്ച് ഞായറാഴ്ചത്തെ ദുബൈ മെട്രോ സമയം നീട്ടി. മെട്രോ സർവീസ് രാവിലെ 5 മണി മുതൽ അർധരാത്രി വരെ ലഭിക്കുമെന്ന് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. സാധാരണയായി ഞായറാഴ്ചകളിൽ രാവിലെ 8 മണിക്കാണ് ദുബൈ മെട്രോ പ്രവർത്തനം ആരംഭിക്കാറുള്ളത്.