എന്റെ പൊന്നേ...; ദുബൈയിൽ കുതിപ്പ് തുടർന്ന് സ്വർണ വില

24K സ്വർണ വില ​ഗ്രാമിന് 600 ​ദിർഹം കടന്നു

Update: 2026-01-24 16:19 GMT
Editor : Mufeeda | By : Web Desk

ദുബൈ: യു.എ.ഇ വിപണിയിൽ സർവകാല റെക്കോർഡിട്ട് സ്വർണവില. ചരിത്രത്തിൽ ആദ്യമായി 24 കാരറ്റ് സ്വർണം ഗ്രാമിന് ഇന്ന് 600 ദിർഹം പിന്നിട്ടു. കഴിഞ്ഞ അഞ്ച് ദിവസവും തുടർച്ചയായി സ്വർണവില മുകളിലേക്ക് കുതിക്കുകയാണ്.

ഡിസംബറിൽ ഗ്രാമിന് 500 ദിർഹം എന്ന റെക്കോർഡ് പിന്നിട്ട 24 കാരറ്റ് സ്വർണം ജനുവരി അവസാനിക്കും മുമ്പ് നൂറ് ദിർഹം വർധിച്ച് ഗ്രാമിന് 600 ദിർഹം 86 ഫിൽസ് എന്ന നിലയിലേക്ക് എത്തിയിരിക്കുന്നു. ഒരുമാസത്തിനിടെ നൂറ് ദിർഹത്തിലേറെ ദിർഹത്തിന്റെ കുതിപ്പാണിത്. യു.എസ്. പ്രസിഡന്റ് ട്രംപിന്റെ ഇടക്കിടെയുള്ള നിലപാട് മാറ്റവും, യുദ്ധപ്രഖ്യാപനവും ആഗോളതലത്തിൽ സൃഷ്ടിക്കുന്ന അനിശ്ചിതത്വമാണ് സ്വർണവില ഉയരാൻ കാരണമായി വിലയിരുത്തുന്നത്.

കറൻസികളെ വിട്ട് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ പേർ സ്വർണത്തിലേക്ക് തിരിയുന്നത് സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിക്കുകയാണ്. ഡിസംബറിൽ കുതിച്ചു കയറിയ സ്വർണവില ഈമാസം തുടക്കത്തിൽ കുറച്ചു ദിവസം താഴേക്ക് പോകുമെന്ന സൂചന നൽകിയെങ്കിലും ജനുവരി അവസാനദിവസങ്ങളിൽ വീണ്ടും കുത്തനെ ഉയർന്ന് പുതിയ റെക്കോർഡിലേക്ക് എത്തുകയാണ്. 22 കാരറ്റ് ഗ്രാമിന് 550 ദിർഹം 79 ഫിൽസാണ് പുതിയ വില. 21 കാരറ്റ് 525 ദിർഹം 75 ഫിൽസിലേക്കും, 18 കാരറ്റ് 450 ദിർഹം 64 ഫിൽസിലേക്കും വിലയെത്തിയിട്ടുണ്ട്.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News