മലയാളി ഡോക്ടര്‍ക്ക് യു.എ.ഇയുടെ സുസ്ഥിര സേവന പുരസ്കാരം
തൃശൂര്‍ സ്വദേശി ഡോ. ഷിയാദ് എം.എക്കാണ് പുരസ്കാര നേട്ടം
ദുബൈ: യുഎഇ മിനിസ്ട്രി ഓഫ് ക്ലൈമറ്റ് ചേഞ്ച് ആന്‍റ് എന്‍വയര്‍മെന്‍റ് മന്ത്രാലയത്തിന്റെ സസ്റ്റൈനബിലിറ്റി മേക്കേഴ്സ് പുരസ്കാര നേട്ടത്തില്‍ തൃശൂര്‍ സ്വദേശി ഡോ. ഷിയാദ് എം.എ. യു.എ.ഇയിലെ മികച്ച വെറ്ററിനറി ഡോക്ടര്‍ വിഭാഗത്തിലാണ് അവാര്‍ഡ്. ദുബൈ ജുമൈറ മന്‍ഡറിന്‍ ഒറിയന്‍റല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പരിസ്ഥിതി കാലാവസ്ഥ മന്ത്രാലയ ചുമതല വഹിക്കുന്ന കാബിനറ്റ് മന്ത്രി ഡോ. ആമിന ബിന്‍ത് അബ്ദുല്‍ റഹ്മാന്‍ അല്‍ ദാഹാകി ഡോ. ഷിയാദിന് പ്രശസ്തി ഫലകവും സാക്ഷ്യപത്രവും അടങ്ങുന്ന പുരസ്കാരം സമ്മാനിച്ചു.
2022, 2023, 2024 വര്‍ഷങ്ങളിലെ സേവനം മുന്‍ നിര്‍ത്തിയാണ് ഷിയാദിനെ പുരസ്കാര ജേതാവായി തെരഞ്ഞെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. എക്സപ്ഷനല്‍ എംപ്ളോയീ, സ്റ്റാര്‍ ഓഫ് എംപ്ളോയീ അവാര്‍ഡ്, യുഡിസര്‍വ് അവാര്‍ഡ് തുടങ്ങിയവ ഉള്‍പ്പെടെ മന്ത്രാലയത്തിന്റെ 50ഓളം അംഗീകാരങ്ങള്‍ക്കര്‍ഹനാണ് ഷിയാദ്. മണ്ണുത്തി വെറ്ററിനറി കോളജില്‍ നിന്നും ബി.വി.എസ്.സി ബിരുദം നേടിയ ഡോ. ഷിയാദ്, എം.ബി.എ, വിവിധ പി.ജി ഡിപ്ളോമകള്‍, ഗ്ളോബല്‍ ഹ്യൂമന്‍ പീസ് യൂനിവേഴ്സിറ്റിയില്‍ നിന്ന് ഓണററി ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
യു.എ.ഇയിലെ വടക്കന്‍ മേഖലയിലെ അല്‍ദാരാ ക്വാറന്റൈൻ സെന്‍റര്‍, റാസല്‍ഖൈമ എയര്‍പോര്‍ട്ട് ക്വാറന്റൈൻ സെന്‍റര്‍ എന്നിവിടങ്ങളില്‍ അനിമല്‍ റിസോഴ്സ് സ്പെഷ്യലിസ്റ്റായി സേവനമനുഷ്ഠിക്കുന്ന ഡോ. ഷിയാദ് തൃശൂര്‍ മുളങ്ങത്തു വീട്ടില്‍ പരേതനായ അബ്ദുല്‍റഹ്മാന്റെ മകനാണ്. മാതാവ്: നബീസ. ഭാര്യ. അഡ്വ. ശബ്ന ഷിയാദ് (റാക് ന്യൂ ഇന്ത്യന്‍ സ്കൂള്‍). മക്കള്‍: സിയ ഷിയാദ്, മറിയം ഷിയാദ്.