റാസൽഖൈമയിൽ മൂന്ന് സ്ത്രീകളെ വെടിവെച്ച് കൊന്ന കേസിൽ ഗൾഫ് പൗരന് വധശിക്ഷ
66 കാരിയായ അമ്മക്കും രണ്ട് പെൺമക്കൾക്കുമാണ് വെടിയേറ്റത്
ദുബൈ: യുഎഇയിലെ റാസൽഖൈമയിൽ മൂന്ന് സ്ത്രീകളെ വെടിവെച്ച് കൊന്ന കേസിൽ ഗൾഫ് പൗരന് വധശിക്ഷ. വാഹനത്തിന് കടന്നുപോകാനുള്ള വഴി തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് മൂന്ന് സ്ത്രീകളുടെ കൊലപാതകത്തിലേക്ക് നയിച്ചത്.
കഴിഞ്ഞവർഷം മെയ് ഏഴിനാണ് റാസൽഖൈമയെ ഞെട്ടിച്ച കൊലപാതകം നടന്നത്. വാഹനത്തിന് കടന്നുപോകാനുള്ള വഴി തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. 66 കാരിയായ അമ്മയും അവരുടെ 36 വയസും, 38 വയസുമുള്ള രണ്ട് പെൺമക്കളുമാണ് വെടിയേറ്റ് മരിച്ചത്. 47 വയസുള്ള മറ്റൊരു മകൾ പരിക്കുകളോടെ രക്ഷപ്പെട്ടു. മറ്റൊരു രാജ്യത്ത് നിന്ന് കടത്തിയ ലൈസൻസില്ലാത്ത തോക്ക് ഉപയോഗിച്ച് മനപൂർവം നടത്തിയ കൊലപാതകമാണ് ഇതെന്ന് റാസൽഖൈമ ക്രിമിനൽ കോടതി കണ്ടെത്തി. പ്രതിയുടെ മകനും കോടതി ശിക്ഷി വിധിച്ചു. ഇരകളുടെ കുടുംബത്തിന് എതിരെ വധഭീഷണി മുഴക്കിയതിന് ഇയാൾക്ക് ആറുമാസം തടവും പതിനായിരം ദിർഹം പിഴയും വിധിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട മൂന്ന് സ്ത്രീകളും കുഞ്ഞുങ്ങളുള്ള അമ്മമാരായിരുന്നു. കുട്ടികളിലൊരാൾ കൃത്യത്തിന് സാക്ഷിയായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ക്രിമിനൽ കോടതിയുടെ വിധിക്കെതിരെ പ്രതിക്ക് അപ്പീൽ നൽകാൻ അവസരമുണ്ട്.