ഗതാഗതം നിയന്ത്രിക്കാൻ കൂടുതൽ ഡ്രോണുകൾ; അജ്മാൻ പൊലീസിന്റെ പരീക്ഷണം വിജയകരം
നിയമ ലംഘകർക്ക് ഡ്രോൺ പറന്നെത്തി പിഴയിടും
അജ്മാനിലെ റോഡുകളിൽ ട്രാഫിക് നിയന്ത്രണത്തിന് കൂടുതൽ ഡ്രോണുകളെത്തുന്നു. കഴിഞ്ഞവർഷം പരീക്ഷണാടിസ്ഥാനത്തിൽ തുടക്കമിട്ട പദ്ധതി വിജകരമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കൂടുതൽ ഡ്രോണുകൾ രംഗത്തിറങ്ങുന്നത്.
അജ്മാൻ പൊലീസിന്റെ എയർ സപ്പോർട്ട് സെന്ററാണ് ഗതാഗത നിയന്ത്രണത്തിനായി കഴിഞ്ഞവർഷം മുതൽ ഡ്രോണുകൾ പ്രയോജനപ്പെടുത്തുന്നത്. നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ചിത്രം ഒരു കിലോമീറ്റർ അകലെ നിന്ന് വരെ വ്യക്തമായി പകർത്താൻ ശേഷിയുള്ള ഡ്രോണുകളാണ് ഈ രംഗത്തുള്ളത്. 299 ട്രാഫിക് മിഷനുകൾ ഡ്രോൺ ഉപയോഗിച്ച് പൊലീസ് വിജകരമായി പൂർത്തിയാക്കി.
20 കേസുകളിൽ ഡ്രോണുകളുടെ ഇടപെടൽ വിജയകരമായിരുന്നു. ഗതാഗതകുരുക്കുണ്ടാകുമ്പോഴും അപകടമുണ്ടാകുമ്പോഴും ഇവ പൊലീസിന് ഏറെ തുണയാകുന്നുണ്ട്. നിയമലംഘനം നടത്താൻ സാധ്യതയുള്ള ഡ്രൈവർമാരു പിന്തുടർന്ന് നിരീക്ഷിക്കാനും ഗതാഗത കുരുക്കിന് കാരണക്കാരായ വാഹനങ്ങളെ കണ്ടെത്തി പിഴയിടാനും ഡ്രോണുകൾക്ക് കഴിയുന്നുണ്ടെന്ന് അജ്മാൻ പൊലീസ് വ്യക്തമാക്കി.