ലോകത്തിലാദ്യം...; ദുബൈയിൽ ചാറ്റ് ജിപിടി വഴി ഔദ്യോഗിക സേവനങ്ങൾ ലഭ്യമാക്കി DEWA
EV സ്റ്റേഷനുകൾ കണ്ടെത്താം, ബിൽ സേവനങ്ങൾ ലഭ്യമാകും
ദുബൈ: ചാറ്റ് ജിപിടി ആപ്പ് ഡയറക്ടറിയിലൂടെ സേവനങ്ങൾ ലഭ്യമാക്കുന്ന ലോകത്തിലെ ആദ്യ ഗവൺമെന്റ് സ്ഥാപനമായി ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടർ അതോറിറ്റി (DEWA). വെബ്‌സൈറ്റുകളും സ്മാർട്ട് ആപ്ലിക്കേഷനുകളും മാത്രമുള്ള പരമ്പരാഗത രീതികളിൽ നിന്ന് മാറി ആഗോള എഐ പ്ലാറ്റ്‌ഫോമുകളിലേക്ക് സേവനങ്ങൾ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഡിജിറ്റൽ നവീകരണത്തിലും എ.ഐ മേഖലയിലും ദുബൈയെ മുൻനിരയിൽ എത്തിക്കാനാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് DEWA എം.ഡിയും സിഇഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു. ഉപഭോക്താക്കൾ വിവരങ്ങൾക്കും മറ്റു ആവശ്യങ്ങൾക്കുമായി എഐ ഉപകരണങ്ങളെ കൂടുതലായി ആശ്രയിക്കുന്ന കാലഘട്ടത്തിൽ അവർക്ക് ഏറ്റവും എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ബില്ലുകൾ പരിശോധിക്കാനും അടയ്ക്കാനും അക്കൗണ്ട് സംബന്ധമായ സഹായങ്ങൾ തേടാനും ഇതിലൂടെ സാധിക്കും. DEWAയുടെ കീഴിലുള്ള ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ കണ്ടെത്താനും ഏറ്റവും അടുത്തുള്ള കേന്ദ്രത്തിലേക്ക് വഴികാട്ടാനും ചാറ്റ് ജിപിടി സഹായിക്കും. കൂടാതെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളുടെ ലൊക്കേഷൻ, പ്രവൃത്തി സമയം, അവിടെ എത്താനുള്ള വഴി എന്നിവ ചോദിച്ചറിയാനും ഇത് ഉപയോഗപ്പെടുത്താം. സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കി കൂടുതൽ സേവനങ്ങൾ ഘട്ടം ഘട്ടമായി ഈ പ്ലാറ്റ്‌ഫോമിലേക്ക് വ്യാപിപ്പിക്കാനാണ് അതോറിറ്റിയുടെ തീരുമാനം.