വിദ്യാർഥികൾക്കായി കൂടുതൽ ഹൈടെക് ബസുകൾ ഒരുക്കി ദുബൈ; ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം
ദുബൈയിലുടനീളമുള്ള 25,000 വിദ്യാർഥികൾക്ക് സ്കൂളിലേക്കും തിരിച്ചും കൂടുതൽ സുരക്ഷിതമായ യാത്ര സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം.
ദുബൈ: പുതിയ അധ്യയന വർഷത്തിൽ കൂടുതൽ ഹൈടെക് സ്കൂൾ ബസുകൾ നിരത്തിലിറക്കാൻ ഒരുങ്ങി ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ദുബൈയിലുടനീളമുള്ള 25,000 വിദ്യാർഥികൾക്ക് സ്കൂളിലേക്കും തിരിച്ചും കൂടുതൽ സുരക്ഷിതമായ യാത്ര സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം.
പ്രാദേശികവും അന്താരാഷ്ട്രവുമായ സുരക്ഷാനിലവാരം പാലിച്ചിട്ടുള്ള ഏറ്റവും അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുന്ന ബസ്സുകളാണ് ദുബൈ ടാക്സി കോർപറേഷൻ ഇതിനായി പുറത്തിറക്കുക. യാത്ര അവസാനിക്കുമ്പോൾ ഒരു കുട്ടി പോലും ബസ്സിൽ ബാക്കിയില്ലെന്ന് ഉറപ്പുവരുത്തുന്ന ക്യാമറകൾ, അടിയന്തര ഘട്ടങ്ങളിൽ എമർജൻസി മാനേജ്മെന്റ് സെന്‍ററുമായി ബന്ധപ്പെടാനാകുന്ന എമർജൻസി അലർട്ട് സംവിധാനം, ബസ്സുകളുടെ ട്രാക്ക് കൃത്യമായി മനസിലാക്കാൻ സഹായിക്കുന്ന ജി.പി.എസ്, കുട്ടികൾ കയറുന്നതും ഇറങ്ങുന്നതും കാര്യക്ഷമാക്കുന്നതിനുള്ള റേഡിയോ ഫ്രീക്വൻസി ഐഡന്‍റിഫിക്കേഷൻ, എൻജിന് തീപ്പിടിച്ചാൽ സ്വമേധയാ അണക്കാനുള്ള സംവിധാനം തുടങ്ങിവയാണ് ബസ്സുകളിൽ ഒരുക്കിയിട്ടുള്ളത്.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ബസ് ഡ്രൈവർമാർക്ക് ഉയർന്ന നിലവാരത്തിലുള്ള പരിശീലന കോഴ്സുകളുകളും ഡി.ടി.സി സംഘടിപ്പിച്ചിരുന്നു. യാത്രക്കിടെയുണ്ടായേക്കാവുന്ന അടിയന്തര സാഹചര്യങ്ങൾ നേരിടാനും പ്രഥമ ചികിത്സ ലഭ്യമാക്കുന്നതിനുമുള്ള പരിശീലനങ്ങളും ഡ്രൈവർമാർക്ക് നൽകുമെന്ന് ഡി.ടി.സി ഡയറക്ടർ അമ്മാർ റാശിദ് അൽ ബ്രെയ്കി പറഞ്ഞു.