89.4 ലക്ഷം സീറ്റ് കപ്പാസിറ്റി; ലോകത്ത് ഒന്നാമതായി യുഎഇയിലെ ഈ വിമാനത്താവളം

വ്യോമയാന ഡാറ്റാ ഏജൻസിയായ ഒഎജിയാണ് കണക്കുകൾ പുറത്തുവിട്ടത്

Update: 2026-11-04 08:22 GMT

ദുബൈ: നവംബർ മാസത്തിലും ഇന്റർനാഷണൽ സീറ്റ് കപ്പാസിറ്റിയിൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന സ്ഥാനം നിലനിർത്തി ദുബൈ വിമാനത്താവളം. 2026 നവംബറിൽ ഇരുദിശകളിലുമായി ഏകദേശം 89.4 ലക്ഷം സീറ്റുകളാണ് വിമാനക്കമ്പനികൾ ദുബൈ വിമാനത്താവളത്തിൽനിന്നുള്ള അന്താരാഷ്ട്ര സർവീസുകൾക്കായി ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. 2025 നവംബറിനെ അപേക്ഷിച്ച് 16 ശതമാനം കുറവുണ്ടായിട്ടും ദുബൈ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. വ്യോമയാന ഡാറ്റാ ഏജൻസിയായ ഒഎജിയാണ് കണക്കുകൾ പുറത്തുവിട്ടത്.

ദുബൈ വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര സർവീസുകളിൽ മാത്രം 44.7 ലക്ഷം സീറ്റുകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ലണ്ടൻ ഹീത്രൂ വിമാനത്താവളത്തേക്കാൾ ഏകദേശം 6.8 ലക്ഷം സീറ്റുകൾ അധികമുണ്ട്. 37.9 ലക്ഷം സീറ്റുകളുമായി ഹീത്രൂ രണ്ടാമതും 37 ലക്ഷം സീറ്റുകളുമായി ദക്ഷിണ കൊറിയയിലെ ഇൻചിയോൺ വിമാനത്താവളം മൂന്നാമതുമാണ്. 35.8 ലക്ഷം സീറ്റുകളുമായി സിംഗപ്പൂർ ചാംഗി നാലാം സ്ഥാനത്തും 32.5 ലക്ഷം സീറ്റുകളുമായി ആംസ്റ്റർഡാം ഷിഫോൾ വിമാനത്താവളം അഞ്ചാം സ്ഥാനത്തുമുണ്ട്.

യാത്രക്കാരുടെ എണ്ണമല്ല, വിമാനക്കമ്പനികൾ അന്താരാഷ്ട്ര സർവീസുകൾക്കായി മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത സീറ്റുകളുടെ എണ്ണമാണ് ഈ റാങ്കിങ്ങിന്റെ അടിസ്ഥാനം. ആഭ്യന്തര സർവീസുകൾ കൂടി ഉൾപ്പെടുത്തിയുള്ള ആകെ സീറ്റ് ശേഷിയിൽ ദുബൈ വിമാനത്താവളം ആഗോളതലത്തിൽ നാലാം സ്ഥാനത്താണ്. അറ്റ്ലാന്റ, ചിക്കാഗോ, ടോക്കിയോ വിമാനത്താവളങ്ങളാണ് അതിന് മുന്നിലുള്ളത്. എമിറേറ്റ്സ്, ഫ്ലൈദുബൈ എന്നീ വിമാനക്കമ്പനികളുടെ പ്രധാന കേന്ദ്രമാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം. 

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Gulf Desk

contributor

Similar News