പുതുവർഷത്തിൽ ഡ്രൈവിങ്ങിന് പുതിയ നിയന്ത്രണവുമായി യുഎഇ; 24 മണിക്കൂറിൽ പരമാവധി ഒമ്പത് മണിക്കൂർ മാത്രം
ക്ഷീണവും ഉറക്കവും മൂലമുള്ള അപകടങ്ങൾ ഒഴിവാക്കൽ അടക്കം ലക്ഷ്യം
ദുബൈ: പുതുവർഷത്തിൽ ഡ്രൈവിങിന് പുതിയ നിയന്ത്രണം ഏർപ്പെടുത്താൻ യുഎഇ. ക്ഷീണവും ഉറക്കവും മൂലമുള്ള അപകടങ്ങൾ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2027 ജനുവരി ഒന്ന് മുതൽ നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്. ഇതിന്‍റെ ഭാഗമായി 24 മണിക്കൂറിനുള്ളിൽ ഒമ്പത് മണിക്കൂർ മാത്രമേ വാഹനം ഓടിക്കാൻ പാടുള്ളൂവെന്ന നിയമം നടപ്പാക്കും. വാഹനമോടിക്കുന്ന എല്ലാവർക്കും ഈ നിയന്ത്രണം ബാധകമായിരിക്കും.2026ലെ കാബിനറ്റ് തീരുമാനം നമ്പർ 174 പ്രകാരം പുറത്തിറക്കിയ ഫെഡറൽ ട്രാഫിക് നിയമത്തിന്‍റെ എക്സിക്യൂട്ടീവ് റെഗുലേഷനിലാണ് പുതിയ വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുന്നത്. നിയമത്തിലെ ആർട്ടിക്കിൾ 7, ഖണ്ഡിക 2 പ്രകാരമാണ് ഡ്രൈവിങ് സമയത്തിന് പരിധി നിശ്ചയിച്ചത്. ക്ഷീണമോ ഉറക്കമോ കാരണം സുരക്ഷിതമായി വാഹനമോടിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഡ്രൈവിങ് തുടരാനും പാടില്ല. ട്രക്ക് ഡ്രൈവർമാർക്ക് മാത്രമല്ല, എല്ലാ വാഹനമോടിക്കുന്നവർക്കും ബാധകമായ വ്യവസ്ഥയാണിത്.
ഒമ്പത് മണിക്കൂർ എന്ന പരിധി പൂർത്തിയാക്കിയാൽ മാത്രമേ വിശ്രമിക്കാവൂ എന്നല്ല നിയമത്തിലൂടെ ഉദ്ദേശിക്കുന്നത്. അതിനു മുമ്പുതന്നെ ക്ഷീണമോ ഉറക്കമോ അനുഭവപ്പെടുകയും സുരക്ഷിതമായി വാഹനമോടിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുകയും ചെയ്താൽ വാഹനം നിർത്തണം. ഒമ്പത് മണിക്കൂറിൽ താഴെയാണ് ഡ്രൈവ് ചെയ്തതെങ്കിലും ക്ഷീണാവസ്ഥയിൽ വാഹനമോടിക്കുന്നത് നിയമലംഘനമാണ്.2025ൽ യുഎഇയിൽ ഡ്രൈവർമാരുടെ ക്ഷീണവും ഉറക്കവും കാരണം 20 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. 2026 ഒക്ടോബർ 29ന് എമിറേറ്റ്സ് റോഡിൽ ഉണ്ടായ അപകടത്തെത്തുടർന്ന് ദുബൈ പൊലീസ് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അബൂദബിയിലേക്കുള്ള ദിശയിൽ സഞ്ചരിച്ച ട്രക്ക് ഡ്രൈവർ ഉറങ്ങിപ്പോയതിനെത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലെ സുരക്ഷാ ബാരിയറിൽ ഇടിക്കുകയായിരുന്നു.
തുടർച്ചയായ കോട്ടുവായിടൽ, കണ്ണുകളിൽ വേദനയും അസ്വസ്ഥതയും, പ്രതികരിക്കാനുള്ള ശേഷി കുറയുക, തല ഉയർത്തിപ്പിടിക്കാൻ പ്രയാസം അനുഭവപ്പെടുക, വാഹനത്തിന്‍റെ ലൈൻ മാറി സഞ്ചരിക്കുക. വാഹനത്തിന്‍റെ വേഗതയിൽ അനാവശ്യമായ മാറ്റങ്ങൾ വരിക തുടങ്ങിയ ലക്ഷണങ്ങൾ
UAE to Limit All Drivers to Nine Hours of Driving in 24 Hours from 2027