യുഎഇ പതാകദിനം: പ്രസിഡന്റിന്റെ പ്രത്യേക ആദരം നേടി മലയാളി വനിത

പതാകദിനത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സർക്കാർ ആസ്ഥാനങ്ങളിലും ദേശീയപതാക ഉയർത്തി

Update: 2026-11-03 17:54 GMT

അബൂദബി: യുഎഇയുടെ പതാകദിനാഘോഷത്തിൽ രാജ്യത്തിന്റെ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ പ്രത്യേക അതിഥിയായി ഇടംപിടിച്ച് മലയാളി വനിത. പ്രസിഡന്റ് നേരിട്ട് അഭിനന്ദിക്കാൻ തെരഞ്ഞെടുത്ത 55 പ്രമുഖ വ്യക്തികളിൽ തൃശൂർ ചാവക്കാട് സ്വദേശിനിയായ ഷംജ മുജീബ് മുഹമ്മദും ഉൾപ്പെട്ടു. അബൂദബി ഖസർ അൽ ഹുസ്‌നിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ഫുജൈറയിൽ താമസിക്കുന്ന ഷംജ രാജ്യത്തിന്റെ ഉന്നത ബഹുമതി ഏറ്റുവാങ്ങിയത്. യുഎഇയിൽ മുൻ മാധ്യമപ്രവർത്തകനായിരുന്ന കുന്നംകുളം സ്വദേശി മുജീബ് അഞ്ഞൂരിന്റെ ഭാര്യയാണ് ഇവർ.

 55 വയസ്സ് പിന്നിടുന്ന യുഎഇയുടെ പ്രതീകമായാണ് വിവിധ മേഖലകളിൽ ധീരതയും നിസ്തുല സേവനവും തെളിയിച്ച 55 പേരെ പ്രസിഡന്റിനൊപ്പം പതാക ഉയർത്താൻ തെരഞ്ഞെടുത്തത്. അബൂദബി പോർട്ടിന്റെ കീഴിലുള്ള ഫുജൈറ ടെർമിനലിലെ ജീവനക്കാരിയായ ഷംജ, പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തിനായി നൽകിയ സേവനങ്ങളും പ്രകടിപ്പിച്ച ധീരതയും മുൻനിർത്തിയാണ് ആദരിക്കപ്പെട്ടത്. ചടങ്ങിൽ പ്രോട്ടോക്കോൾ മറികടന്ന് അതിഥികളിലൊരാളായ ഡോ. അബ്റാർ അൽ തനീജിയെ പ്രസിഡന്റ് പതാക ഉയർത്താൻ ഒപ്പം ചേർത്തു. അതിഥികൾക്ക് ഓരോരുത്തർക്കും ഹസ്തദാനം നൽകി അഭിനന്ദിച്ച പ്രസിഡന്റ്, അവർക്കൊപ്പം ഫോട്ടോ എടുക്കാനും സമയം കണ്ടെത്തി. തികച്ചും അപ്രതീക്ഷിതവും ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന നിമിഷവുമാണിതെന്ന് ഷംജ പ്രതികരിച്ചു. പതാകദിനത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സർക്കാർ ആസ്ഥാനങ്ങളിലും ദേശീയപതാക ഉയർത്തി.

Tags:    

Writer - തമീം സിപി

Web Journalist

Editor - തമീം സിപി

Web Journalist

By - Gulf Desk

contributor

Similar News