ദുബൈ വളരുന്നു; രണ്ടാംഘട്ട അർബൻ മാസ്റ്റർ പ്ലാനിന് അനുമതി
ഒന്നാം ഘട്ടത്തിന്‍റെ പ്രവർത്തന പുരോഗതി വിലയിരുത്തിയാണ് അനുമതി നൽകിയത്
ദുബൈയുടെ വികസനകുതിപ്പിന് സഹായിക്കുന്ന ദുബൈ-ടു തൗസന്റ് ഫോർട്ടി അർബൻ മാസ്റ്റർ പ്ലാൻ രണ്ടാം ഘട്ടത്തിന് അനുമതി. ഒന്നാം ഘട്ടത്തിന്‍റെ പ്രവർത്തന പുരോഗതി വിലയിരുത്തിയാണ് അനുമതി നൽകിയത്.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. നഗര കേന്ദ്രങ്ങൾ മെച്ചപ്പെടുത്തൽ, ദുബൈ റിയൽ എസ്റ്റേറ്റ് സ്ട്രാറ്റജി, അർബൻ ഫാമിങ് പ്ലാൻ, നഗര പൈതൃക സംരക്ഷണ പദ്ധതി, 20 മിനിറ്റ് സിറ്റി,കാൽനട പാതയുടെ നെറ്റ്‌വർക്ക് മാസ്റ്റർ പ്ലാൻ എന്നിവയുൾപ്പെടെ 10പദ്ധതികളാണ് പ്രഖ്യാപിച്ചത്.
17പദ്ധതികൾ ഉൾപ്പെട്ടതായിരുന്നു ആദ്യഘട്ടം. 2040വരെ ദുബൈയിലെ നഗര അടിസ്ഥാന സൗകര്യ വികസനവും ഭവന നിർമ്മാണ മേഖലയും എങ്ങനെയാകണമെന്ന വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ദുബൈ നഗരാസൂത്രണത്തിന്‍റെ സുപ്രീം കമ്മിറ്റി ചെയർമാനായ മത്വാർ അൽ തായർ ശൈഖ് മുഹമ്മദിന് മുമ്പിൽ പദ്ധതി വിശദീകരിച്ചു.
൨൦൪൦ വരെ ദുബൈയിലെ റിയൽ എസ്റ്റേറ്റ് മേഖലയുടെ ആവശ്യം പരിഗണിച്ച് സമഗ്രമായ പദ്ധതിയും പ്ലാൻ നിർദേശിക്കുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഉയർന്ന വിളവ് ലഭിക്കുന്ന രീതിയിൽ നഗര കൃഷിക്ക് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി കൃഷി ചെയ്യാനും മാസ്റ്റർ പ്ലാൻ പദ്ധതിയിടുന്നുണ്ട്. കാൽനടയായോ സൈക്കിളിലോ 20 മിനിറ്റ് സമയപരിധിക്കുള്ളിൽ താമസക്കാർക്ക് നഗരത്തിലെ 80ശതമാനം സ്ഥലങ്ങളിലും എത്തിച്ചേരാനുള്ള '20 മിനിറ്റ് സിറ്റി' പദ്ധതിയും മാസ്റ്റർ പ്ലാനിന്‍റെ ഭാഗമാണ്.