ലോകത്തിൽ ആദ്യമായി ഡ്രൈവറില്ലാ വാഹനങ്ങൾ മാത്രം ഓടുന്ന മേഖലയുമായി ദുബൈ
ആർ.ടി.എ ചെയർമാൻ മതാർ അൽ തായറാണ് അടുത്തവർഷം നടക്കുന്ന സ്വയം നിയന്ത്രിത വാഹനങ്ങളുടെ മൽസരത്തിന്റെ ആശയം പ്രഖ്യാപിച്ചത്
ദുബൈയിൽ ഡ്രൈവറില്ലാ വാഹനങ്ങൾ മാത്രം ഓടുന്ന മേഖല വരുന്നു. 'ദുബൈ ഓട്ടോണോമസ് ട്രാൻസ്‌പോർട്ട് സോൺ' എന്ന പേരിൽ പ്രത്യേക മേഖല രൂപീകരിക്കാൻ ശ്രമം തുടങ്ങി. അടുത്തവർഷം നടക്കുന്ന സ്വയം നിയന്ത്രിത വാഹനങ്ങളുടെ മൽസരം ഇത്തരമൊരു മേഖല നിർമിക്കാനായിരിക്കും. ആർ.ടി.എ ചെയർമാൻ മതാർ അൽ തായറാണ് അടുത്തവർഷം നടക്കുന്ന സ്വയം നിയന്ത്രിത വാഹനങ്ങളുടെ മൽസരത്തിന്റെ ആശയം പ്രഖ്യാപിച്ചത്.
ഡ്രൈവറില്ലാ വാഹനങ്ങൾ മാത്രം ഓടുന്ന ലോകത്തെ ആദ്യ മാതൃകാ നഗരം ഒരുക്കാനാണ് ഇത് ലക്ഷ്യമിടുന്നത്. ഡ്രൈവറില്ലാതെ ഓടുന്ന ഡെലിവറി റോബോട്ടുകൾ മുതൽ ഡ്രൈവറിലാത്ത വിവിധ തരം ലൈറ്റ് വാഹനങ്ങൾ വരെയുള്ളവ മാത്രമായിരിക്കും 'ദുബൈ ഓട്ടോണോമസ് ട്രാൻസ്‌പോർട്ട് സോണി' ലെ നിരത്തിലിറങ്ങുക.
ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ രണ്ടുദിവസം നീണ്ട ഈവർഷത്തെ സമ്മേളനം സമാപിക്കുന്നതിന് മുന്നോടിയായി ആർ ടി എ മൂന്ന് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. ദുബൈയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഡ്രൈവറില്ലാത്ത യാത്രാബസുകൾ ഓടിക്കാനാണ് രണ്ട് ധാരണാപത്രങ്ങൾ ഒപ്പിട്ടത്. ഡ്രൈവറില്ലാ ബസുകൾക്കായി നടത്തിയ മത്സരത്തിൽ ഒന്നമാതെത്തിയ ചൈനയുടെ കിങ് ലോങ്, രണ്ടാമതെത്തിയ ഈജിപ്തിലെ ബ്രൈറ്റ് ഡ്രൈവ് എന്നിവയുമായാണ് കരാർ. സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത വികസനത്തിന് എസ് എ ഇ ഇന്റർനാഷണൽ എന്ന കമ്പനിയുമായാണ് മൂന്നാമത്തെ ധാരണാപത്രം. പബ്ലിക് ട്രാൻസ്‌പോർട്ട് എജൻസി സി.ഇ.ഒ അഹമ്മദ് ബഹറൂസിയാനാണ് ആർ.ടി.എക്ക് വേണ്ടി കരാറിൽ ഒപ്പിട്ടത്.