യുഎഇയുടെ വാരാന്ത്യ അവധി മാറ്റത്തിലെ പ്രതീക്ഷകള്‍; പ്രാര്‍ത്ഥന മുതല്‍ സ്‌കൂള്‍ സമയം വരെ

മലയാളി പ്രവാസികള്‍ക്കിടയിലെ ട്രോളന്‍മാരും വിഷയം ഏറ്റെടുത്തതോടെ ബാച്ച്‌ലേഴ്‌സ് റൂമുകളില്‍ വെള്ളിയാഴ്ചയിലെ അവധിക്ക് വെയ്ക്കാറുള്ള ബിരിയാണി ഇനി ഏതു ദിവസം വെയ്ക്കണമെന്നുവരെ താത്വികമായി അവലോകനം ചെയ്യുകയാണ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍.

Update: 2021-12-08 15:35 GMT
Editor : rishad

യുഎഇയിലെ ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ തൊഴില്‍ സമയം നാലര ദിവസമാക്കിയ പ്രഖ്യാപനത്തെ തുടര്‍ന്ന് വലിയ ചര്‍ച്ചകളും വിശകലനങ്ങളുമാണ് വിവിധ തൊഴില്‍ മേഖലകളില്‍ നിന്നുള്ള ജീവനക്കാര്‍ക്കിടയില്‍ പോലും ഇപ്പോള്‍ നടക്കുന്നത്. സ്വകാര്യമേഖലയില്‍ കൂടി പുതിയ നിയമം നടപ്പിലാക്കണമെന്ന് അധികാരികള്‍ നിര്‍ദേശിക്കുകയും ഫ്‌ളൈ ദുബൈ ഉള്‍പ്പടെയുള്ള പല സ്വകാര്യ കമ്പനികളും പുതിയ രീതിയെ സ്വാഗതം ചെയ്യുകയും ചെയ്തതോടെ പലവിധ സംശയങ്ങളും രസകരമായ ആശങ്കകളുമാണ് പലരും പങ്കുവയ്ക്കുന്നത്. മലയാളി പ്രവാസികള്‍ക്കിടയിലെ ട്രോളന്‍മാരും വിഷയം ഏറ്റെടുത്തതോടെ ബാച്ച്‌ലേഴ്‌സ് റൂമുകളില്‍ വെള്ളിയാഴ്ചയിലെ അവധിക്ക് വെയ്ക്കാറുള്ള ബിരിയാണി ഇനി ഏതു ദിവസം വെയ്ക്കണമെന്നുവരെ താത്വികമായി അവലോകനം ചെയ്യുകയാണ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍.

Advertising
Advertising

വെള്ളിയാഴ്ചയിലെ 'ആശങ്കകള്‍'

വെള്ളിയാഴ്ചയിലെ പകുതി പ്രവൃത്തി സമയവും പ്രാര്‍ത്ഥനാസമയവും തമ്മിലുള്ള വ്യത്യാസം ഒരു മണിക്കൂറും 15 മിനുട്ടും മാത്രമായിരിക്കും.അഥവാ രാജ്യത്തുടനീളമുള്ള വെള്ളിയാഴ്ച പ്രാര്‍ത്ഥനകളും പ്രഭാഷണങ്ങളും 2022 ജനുവരി മുതല്‍ ഉച്ചയ്ക്ക് 1:15 ലേക്കാണ് മാറ്റിയിട്ടുള്ളത്.

ദുബായിലെ ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റിലെ ഗ്രാന്‍ഡ് മുഫ്തി ഡോ അഹമ്മദ് അല്‍ ഹദ്ദാദിന്റെ അഭിപ്രായപ്രകാരം അസര്‍ ബാങ്കിന് മുമ്പ് പ്രാര്‍ത്ഥനാ സമയത്തിന്റെ തുടക്കത്തിലോ മധ്യത്തിലോ അവസാനത്തിലോ ജുമുഅ നടത്താവുന്നതാണ്. എന്നാല്‍ വള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ പള്ളികളില്‍ വച്ച് തന്നെ ഒരു ഇമാമി(പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം വഹിക്കുന്നയാള്‍)നെ പിന്തുടര്‍ന്ന് നിര്‍വഹിക്കണമെന്നും സ്വകാര്യ പ്രാര്‍ത്ഥനാ മുറികളിലോ വീടുകളിലോ വച്ചോ ആവരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

രാജ്യത്തുടനീളം വെള്ളിയാഴ്ച പ്രാര്‍ത്ഥന സമയം ഏകീകരിക്കുന്നത് ഇസ്ലാമിക ശരീഅത്തിന് എതിരല്ലെന്നാണ് എമിറേറ്റ്‌സ് ഫത് വ കൗണ്‍സില്‍ അംഗം ഡോ. സലേം മുഹമ്മദ് അല്‍ ദുബി പറയുന്നത്. നിലവിലെ പ്രാര്‍ത്ഥനാ സമയത്തില്‍ നിന്ന് ഒരു ചെറിയ മാറ്റം മാത്രമാണ് ഇപ്പോള്‍ വരുത്തിയതെന്നും ശരീഅത്ത് നിയമത്തിലോ ഏതെങ്കിലും മതഗ്രന്ഥത്തിലോ ഒരു ദിവസത്തെ അവധി നിശ്ചയിക്കുന്നതിനായി പ്രത്യേക നിയമങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. 

വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങള്‍

അബുദാബിയിലെ വിദ്യാഭ്യാസവകുപ്പ് സ്വകാര്യ സ്‌കൂളുകളുടെ മേധാവികളോടും പുതിയ സംവിധാനം പിന്തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതിനാല്‍ 2022 ജനുവരി 1 മുതല്‍, സ്‌കൂളുകള്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെയും വെള്ളിയാഴ്ച ഉച്ച വരേയും പ്രവര്‍ത്തിക്കും. വെള്ളി ഉച്ചയ്ക്ക് ശേഷവും ശനി, ഞായര്‍ ദിവസങ്ങളിലും അവധിയായിരിക്കും.

തൊഴില്‍ സമയവും വാരാന്ത്യ അവധിയും പുതുക്കിയതിന്റെ കാരണങ്ങള്‍ എന്തൊക്കെയായിരിക്കാം..?

മെച്ചപ്പെട്ട തൊഴില്‍-ജീവിത സന്തുലിതാവസ്ഥയാണ് പുതിയ മാറ്റത്തിലൂടെ ഭരണകൂടം പ്രധാനമായും ലക്ഷ്യംവെയ്ക്കുന്നത്. തൊഴില്‍ സമയം കുറയുന്നതോടെ കുടുംബങ്ങള്‍ക്ക് കൂടുതല്‍ സമയം ഒത്തുചേരാനും ആസ്വാദ്യകരമാക്കാനും അവധി ദിനങ്ങളില്‍ ചെറിയ യാത്രകള്‍ ആസൂത്രണം ചെയ്യാനും ഇതിലൂടെയെല്ലാം ജീവിത നിലവാരം ഉയര്‍ത്താനും സാധിക്കും. മാത്രവുമല്ല, ജീവനക്കാര്‍ക്ക് പരിശീലന കോഴ്‌സുകളിലും മറ്റും പങ്കെടുത്ത് കഴിവുകള്‍ വികസിപ്പിക്കാനും സ്വന്തം സംരംഭങ്ങള്‍ക്കായി സമയം കണ്ടെത്താനും സാധിക്കും.

സമ്പദ് വ്യവസ്ഥക്ക് കരുത്തേകും

പുതിയ തൊഴില്‍ സമയ മാറ്റം യുഎഇയുടെ സമ്പദ് വ്യവസ്ഥയെ ആഗോള വിപണികളില്‍ മികച്ച രീതിയില്‍ ഇടപെടാനും വളര്‍ച്ചാ സുസ്ഥിരതയ്ക്കും വലിയ അളവില്‍ സഹായിക്കും. ഈ നീക്കത്തിലൂടെ വ്യാപാര അവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

സ്വകാര്യ മേഖലയിലെ മാറ്റം

പുതിയ സംവിധാനം സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വലിയ നേട്ടമാണ് കൊണ്ടുവരികയെന്നാണ് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രി ഡോ അബ്ദുള്‍റഹ്മാന്‍ അല്‍ അവാര്‍ സൂചിപ്പിക്കുന്നത്. സാമ്പത്തിക ഇടപാടുകളിലെ ഒഴുക്ക് വര്‍ധിക്കുന്നതിനാല്‍ സ്വകാര്യ മേഖല കൂടുതല്‍ നിക്ഷേപ സൗഹൃദമായി മാറും. ഇത് വിവിധ ബിസിനസ് മേഖലകളിലെ തൊഴിലാളികളില്‍ ഗുണപരമായി പ്രതിഫലിക്കുകയും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

വിനോദസഞ്ചാരമേഖലയ്ക്കും ഗുണകരമാകും

ലോകമെമ്പാടുമുള്ള ഭൂരിഭാഗം രാജ്യങ്ങളിലും ശനി-ഞായര്‍ വാരാന്ത്യ അവധി സംവിധാനമാണ് നിലനില്‍ക്കുന്നത്. യുഎഇയും ഈ സംവിധാനം സ്വീകരിക്കുന്നതോടെ ലഭിക്കുന്ന ചെറിയ ഇടവേളകളില്‍ വിനോദസഞ്ചാരികള്‍ക്ക് യാത്രകള്‍ ആസൂത്രണം ചെയ്യാനും ഇത് സഹായകരമാകും. എക്‌സ്പോയും ഗ്ലോബല്‍ വില്ലേജുമടക്കം നിരവധി വിനോദോപാധികള്‍ രാജ്യത്ത് അരങ്ങ് തകര്‍ക്കുമ്പോള്‍ വാരാന്ത്യ അവധികള്‍ ലഭിക്കുന്നതോടെ ഇത്തരം മേളകളിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കും ക്രമാതീതമമായി വര്‍ധിക്കും. പഠനങ്ങള്‍ സൂചിപ്പിക്കുന്നത് പോലെ, കുറഞ്ഞ തൊഴില്‍സമയങ്ങള്‍ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുമെന്നതിനാല്‍ ഇത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ കാര്യമായ മാറ്റം തന്നെയായിരിക്കും കൊണ്ടുവരിക.

Tags:    

Writer - rishad

contributor

Editor - rishad

contributor

Similar News