സ്മിത് മച്ചാറിനെ ദുബൈയിൽ എത്തിച്ചു; ആശുപത്രിയിൽ എത്തി അംബാസഡർ
ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടെന്ന് ഇന്ത്യൻ അംബാസഡർ
ദുബൈ: ദുബൈയിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്കുള്ള ഫ്ലൈ ദുബൈ വിമാനത്തിൽ വെച്ച് സഹ പൈലറ്റിന്റെ കുത്തേറ്റിട്ടും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി ധീര വ്യക്തിയായി മാറിയ പൈലറ്റ് സ്മിത് മച്ചാറിനെ തുടർ ചികിത്സക്കായി ദുബൈയിലേക്ക് എത്തിച്ചു. സൗദി അറേബ്യയിലെ തബൂക്ക് ആശുപത്രിയിൽ നിന്നാണ് ദുബൈയിൽ എത്തിച്ചത്. ഇന്ത്യൻ അംബാസഡർ ദുബൈയിലെ ആശുപത്രിയിൽ അദ്ദേഹത്തെ സന്ദർശിച്ചു. സ്മിത് സുഖം പ്രാപിച്ച് വരുന്നുവെന്ന് അംബാസഡർ ഡോ. ദീപക് മിത്തൽ പറഞ്ഞു.
ചികിൽസയിൽ കഴിയുന്നസ്മിതിന് സംസാരിക്കാനും ചിരിക്കാനും കഴിയുന്നുണ്ടെന്ന് അംബാസഡർ പറഞ്ഞു. നേരത്തെ അബൂദബിയിലുള്ള കുടുംബത്തെയും അംബാസഡർ സന്ദർശിച്ചിരുന്നു.
അതേസമയം, ഫ്ലൈ ദുബൈ ആക്രമണത്തിൽ തീവ്രവാദ ബന്ധവും പരിശോധിക്കുമെന്ന് യുഎഇ വ്യക്തമാക്കിയിട്ടുണ്ട്. മാറ്റാരുടെയെങ്കിലും പ്രേരണയോ മുൻകൂർ ആസൂത്രണമോ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും.
ബുധനാഴ്ച രാവിലെയാണ് ദുബൈയിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈ ദുബൈ വിമാനത്തിൽ വെച്ച് സഹ പൈലറ്റ് സ്മിതിനെ കുത്തിയത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റിട്ടും കോക് പിറ്റ് തുറന്നുനൽകിയ സ്മിത്തിന്റെ നടപടിയാണ് 174 യാത്രക്കാർ അടക്കമുള്ളവരുടെ ജീവൻ രക്ഷിച്ചത്.
സംഭവത്തിന്റെ പശ്‌ചാതലത്തിൽ ഇസ്രായേലിലേക്കുള്ള സർവീസുകൾ ഫ്ലൈ ദുബൈയും കോഡ് ഷെയർ സർവീസ് എമിറേറ്റ്സ് എയർലൈൻസും റദ്ദാക്കിയിട്ടുണ്ട്. വിമാനത്തിന്റെ ഉള്ളിൽ നടന്ന സംഭവങ്ങൾ സംബന്ധിച്ച് യുഎഇ ജനറൽ സിവിൽ എവിയേഷൻ അടക്കം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ കണ്ടെത്തൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട് ജീവനക്കാർ സൗദിയിൽ ചികിത്സയിലാണെന്നും കോക്പിറ്റിൽ സംഘർഷമുണ്ടായതായും പ്രശ്നം നിയന്ത്രണവിധേയമെന്നും അതോറിട്ടി അറിയിച്ചു.
ഫ്ലൈദുബൈ വിമാന സംഭവത്തിന്റെ പിന്നിലെ ഉദ്ദേശ്യം ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. തീവ്രവാദ ആശയധാരയുടെ സ്വാധീനത്തിന് വിധേയനായിരുന്നു കോ-പൈലറ്റെന്ന് നെതന്യാഹു ആരോപിച്ചു. ഇയാൾക്ക്ഇറാനുമായി ബന്ധമുണ്ടോയെന്ന് അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ വ്യക്തമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. നിലവിൽ ഇറാന്റെ പങ്കാളിത്തം സ്ഥിരീകരിച്ചിട്ടില്ലെന്നും നെതന്യാഹു പറഞ്ഞു.