റോഡരികിൽ പൊട്ടിയ പൈപ്പ് നേരെയാക്കി, വീഡിയോ വൈറൽ; ഇന്ത്യൻ ഡെലിവറിബോയിയെ ആദരിച്ച് ദുബൈ
ഒരു സ്വദേശി പൗരൻ പങ്കുവെച്ച വീഡിയോയിലൂടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിലെത്തിയത്
ദുബൈ: കൈയിലെത്തിയ ഓർഡർ ലക്ഷ്യസ്ഥാനത്ത് എത്തിക്കേണ്ട തിരക്കിനിടയിലും റോഡരികിലെ പൊട്ടിയ പൈപ്പ് നേരെയാക്കി ഗതാഗത തടസ്സം നീക്കിയ ഇന്ത്യൻ യുവാവിന് ദുബൈ സർക്കാരിന്റെ ആദരം. മുഹമ്മദ് പർവേസ് എന്ന ഡെലിവറി ജീവനക്കാരനെയാണ് ജബൽ അലിയിലെ പെർമനന്റ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്സ് ഓഫീസിലേക്ക് ക്ഷണിച്ച് അധികൃതർ ആദരിച്ചത്. ഒരു സ്വദേശി പൗരൻ സംഭവം മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് പർവേസിന്റെ മാതൃകാപരമായ പ്രവൃത്തി ലോകം കണ്ടത്.
വീഡിയോ വൈറലായതോടെ ഇത് അധികൃതരുടെ ശ്രദ്ധയിലെത്തുകയായിരുന്നു. ജിഡിആർഎഫ്എ ദുബൈയുടെ കീഴിലുള്ള പെർമനന്റ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്സിലെ അബ്ദുല്ല ലഷ്കരി പർവേസിനെ സ്നേഹത്തോടെ ചേർത്തുപിടിച്ച് അഭിനന്ദിക്കുകയും സർട്ടിഫിക്കറ്റും സമ്മാനവും കൈമാറുകയും ചെയ്തു. ഓർഡർ എത്തിക്കാനായി ബൈക്കിൽ പോകുന്നതിനിടെയാണ് റോഡിലെ വെള്ളക്കെട്ടും ഗതാഗതതടസ്സവും പർവേസിന്റെ ശ്രദ്ധയിൽപെടുന്നത്. റോഡരികിലെ പൈപ്പിൽ നിന്നാണ് വെള്ളം ശക്തമായി ഒഴുകുന്നതെന്ന് മനസ്സിലാക്കിയ അദ്ദേഹം ബൈക്ക് നിർത്തി പൈപ്പ് ശരിയാക്കാൻ ശ്രമിച്ചു. ആദ്യ ശ്രമങ്ങൾ നിരാശനാക്കിയെങ്കിലും പിന്മാറാതെ വീണ്ടും ശ്രമിച്ച പർവേസ് ഒടുവിൽ പൈപ്പ് നേരെയാക്കി റോഡിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിച്ചു.
ആരും ആവശ്യപ്പെടാതെ, സ്വന്തം ജോലി വൈകുമെന്നത് പോലും കണക്കാക്കാതെ ഒരു പൊതുപ്രശ്നം പരിഹരിക്കാൻ മുന്നിട്ടിറങ്ങിയ പർവേസിന്റെ പ്രവൃത്തിയാണ് വഴിയാത്രക്കാരനായ സ്വദേശി പകർത്തിയത്. സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ അദ്ദേഹത്തിന്റെ ഉത്തരവാദിത്തബോധവും നന്മയും പ്രശംസിക്കപ്പെട്ടു. അപ്രതീക്ഷിതമായി ലഭിച്ച ആദരത്തിലും സ്നേഹപൂർവമായ സ്വീകരണത്തിലും സന്തോഷം പ്രകടിപ്പിച്ച പർവേസ് അധികൃതർക്ക് നന്ദി അറിയിച്ചു. ഐ ലവ് യൂ ദുബൈ-എന്ന വാക്കുകളോടെയാണ് അദ്ദേഹം തന്റെ സന്തോഷം പങ്കുവെച്ചത്.