യുഎഇയില്‍ തൊഴിലിടങ്ങളിലെ അപകടം: കൃത്യസമയത്ത് വിവരം അറിയിക്കണം, വീഴ്ചവരുത്തിയാൽ നടപടി
തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണിത്.
ദുബൈ: തൊഴിലിടങ്ങളിലുണ്ടാകുന്ന അപകടങ്ങളും ജീവനക്കാരുടെ പരിക്കും നിശ്ചിത സമയത്തു തന്നെ റിപ്പോർട്ട് ചെയ്യണമെന്ന് കമ്പനികൾക്ക് യു.എ.ഇയുടെ കർശനനിർദേശം. യു.എ.ഇ മാനവ വിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയത്തിന്റേതാണ് നിർദേശം. തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണിത്.
അപകടം സംഭവിച്ചാൽ തൊഴിലുടമയാണ് വിവരം അറിയിക്കേണ്ടത്. ഇതിൽ അപാകത വരുത്തിയാൽ കടുത്ത ശിക്ഷ നടപടികളുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഹോട്ട്ലൈൻ നമ്പറിനു പുറമെ സർവീസ് സെന്‍ററുകളിൽ നേരിട്ടെത്തിയോ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ സംഭവം റിപ്പോർട്ട് ചെയ്യാം. കമ്പനിയുടെ പേര്, പരിക്കേറ്റ ജീവനക്കാരന്‍റെ പേര്, സംഭവം നടന്ന തീയതി, അപകടത്തെ കുറിച്ച് വിവരണം, ചികിത്സ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് നൽകേണ്ടത്. 50ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ തൊഴിലിടങ്ങളിലെ അപകടങ്ങൾ കൈകാര്യം ചെയ്യുന്നതെങ്ങിനെയെന്ന് അധികൃതർ നിരീക്ഷിക്കും. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രതിരോധ നടപടികൾ കൈക്കൊള്ളും.
ജോലിയുമായി ബന്ധപ്പെട്ട അസുഖമോ പരിക്കോ ഉണ്ടായാൽ ചികിത്സ നൽകാനും നഷ്ടപരിഹാരം നൽകാനും തൊഴിലുടമ ബാധ്യസ്ഥനാണ്. ജീവനക്കാരന്‍റെ അടിസ്ഥാന ശമ്പളം മുൻനിർത്തിയാണ് പരിക്കിനുള്ള നഷ്ടപരിഹാരം നൽകേണ്ടത്. ഇത് സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്ന് പരമാവധി 10 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണം. തൊഴിലാളി മരണപ്പെട്ടൽ അവരുടെ ആശ്രിതർക്കാണ് നഷ്ടപരിഹാരം കൈമാറേണ്ടത്. പരിക്കിന്‍റെ ഭാഗമായി അംഗവൈകല്യമുണ്ടായാൽ മാനദണ്ഡം അനുസരിച്ച് നഷ്ടപരിഹാരം നൽകണം.