യു.എ.ഇയുടെ പലയിടത്തും ശക്തമായ മഴ: റോഡുകളിൽ വെള്ളക്കെട്ട്
വിനോദസഞ്ചാര കേന്ദ്രങ്ങൾ പലതും താൽകാലികമായി അടച്ചിരിക്കുകയാണ്
അബുദാബി: യു.എ.ഇയുടെ പലയിടത്തും ശക്തമായ മഴ തുടരുകയാണ്. തിങ്കളാഴ്ച ഉച്ചക്ക് തുടങ്ങിയ മഴ ചൊവ്വാഴ്ച വൈകുന്നേരം വരെ നീണ്ടു. വിനോദസഞ്ചാര കേന്ദ്രങ്ങൾ പലതും താൽകാലികമായി അടച്ചിരിക്കുകയാണ്. റോഡുകളിൽ രൂപപ്പെട്ട വെള്ളക്കെട്ട് കാരണം പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. എല്ലാ എമിറേറ്റുകളിലും കനത്ത മഴയാണ് അനുഭവപ്പെട്ടത്.
വിനോദസഞ്ചാര കേന്ദ്രങ്ങൾ പലതും താൽകാലികമായി അടച്ചു. ഷാർജയിലെ എല്ലാ പാർക്കുകളും തിങ്കളാഴ്ച അടച്ചിരുന്നു. റാസൽഖൈമയിലെ ജബൽ ജൈസിലേക്കുള്ള റോഡ് അടച്ചതായി റാക് പൊലീസ് അറിയിച്ചു. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ മുൻകരുതലെടുക്കണമെന്നും പൊലീസ്നിർദേശിച്ചു. അതേസമയം, ചില സ്ഥാപനങ്ങൾ ജീവനക്കാർക്ക് വിദൂര ജോലി സംവിധാനം ഏർപെടുത്തി. പലയിടത്തും ഓൺലൈൻ ഡെലിവറി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ തടസപ്പെട്ടു.
പ്രതികൂല കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മലയോര പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നവർ ജാഗ്രത പുലര്‍ത്തണമെന്ന് ഫുജൈറ പൊലീസും മുനിസിപ്പാലിറ്റിയും മുന്നറിയിപ്പ് നല്‍കി. കിഴക്കൻ പ്രവിശ്യയിൽ സുരക്ഷാ സംവിധാനങ്ങൾ വിപുലപ്പെടുത്തിയതായി കിഴക്കൻ മേഖലാ പൊലീസ് ഡിപ്പാർട്ട്മെന്റ്ഡയറക്ടർ കേണൽ ഡോ. അലി അൽഹമൂദി അറിയിച്ചു.