ജോലി പോയാൽ ഇൻഷൂറൻസ്; ആശ്വാസ പദ്ധതിയുമായി യു.എ.ഇ

മൂന്ന് മാസം 20,000 വരെ ലഭിക്കും

Update: 2022-10-11 17:02 GMT

യു.എ.ഇയിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഇൻഷൂറൻസ് സംവിധാനം നിലവിൽ വന്നു. ജോലി പോയാൽ മൂന്ന് മാസം വരെ ശമ്പളത്തിൻറെ 60 ശതമാനം ലഭിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുക. യു.എ.ഇ മാനുഷിക വിഭവശേഷി മന്ത്രാലയമാണ് തൊഴിൽ നഷ്ടപ്പെട്ടവർക്കുള്ള ഇൻഷൂറൻസ് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ജോലി പോയാൽ പരമാവധി 20,000 ദിർഹം വരെയായിരിക്കും മാസം തോറും ലഭിക്കുക. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മുതൽ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് വരെ ഇതിന്റെ ഭാഗമാകാം. പ്രവാസികൾക്കും സ്വദേശികൾക്കും ആനൂകൂല്യം ലഭിക്കും. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് മറ്റൊരു ജോലി കണ്ടെത്തുന്നത് വരെ ആശ്വാസമാവുകയാണ് ലക്ഷ്യം.

Advertising
Advertising

സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഫെഡറൽ സർക്കാർ ജീവനക്കാർക്കും പരിരക്ഷ ലഭിക്കും. ജീവനക്കാർ 40 ദിർഹം മുതൽ 100 ദിർഹം വരെ ഈ സ്‌കീമിലക്ക് അടക്കേണ്ടി വരും. മൂന്ന് മാസം വരെയാണ് ഇൻഷൂറൻസ് തുക ലഭിക്കുന്നതെങ്കിലും അതിന് മുൻപ് പുതിയ ജോലി ലഭിച്ചാൽ പിന്നീട് തുക ലഭിക്കില്ല.

അതേസമയം, സ്വന്തം സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർ, വീട്ടുജോലിക്കാർ, പാർട്ട് ടൈം ജീവനക്കാർ, 18 വയസ്സിൽ താഴെയുള്ളവർ, വിരമിക്കൽ പെൻഷൻ സ്വീകരിച്ച ശേഷം പുതിയ ജോലിയിൽ പ്രവേശിച്ചവർ എന്നിവർക്ക് ഇൻഷൂറൻസ് ആനുകൂല്യം ലഭിക്കില്ല. അച്ചടക്ക നടപടിയുടെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടവർക്കും പരിരക്ഷ ലഭിക്കില്ല. ഇൻഷ്വറൻസ് പ്രീമിയം അടക്കാൻ തുടങ്ങി 12 മാസം പിന്നിട്ട ശേഷമേ പരിരക്ഷക്ക് യോഗ്യതയുണ്ടാവൂ. നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിൽ കൃത്രിമം കാണിച്ചാൽ ശിക്ഷിക്കപ്പെടും. ജോലി ചെയ്യുന്ന സ്ഥാപനം യഥാർഥമല്ലെന്ന് കണ്ടെത്തിയാലും പിഴ ശിക്ഷ ലഭിക്കും.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News