ജഡായുപ്പാറ അഴിമതി; രാജീവ് അഞ്ചലിന് എതിരെ പ്രവാസി നിക്ഷേപകർ
പണം നഷ്ടപ്പെട്ട നിക്ഷേപകർ മാധ്യമപ്രവർത്തകർക്ക് മുന്നിൽ വിങ്ങിപ്പൊട്ടി
ദുബൈ: കൊല്ലത്തെ ജഡായുപ്പാറ ടൂറിസം പദ്ധതിയിൽ കോടികളുടെ അഴിമതി ചൂണ്ടികാട്ടി നിക്ഷേപകരായ പ്രവാസികൾ വീണ്ടും രംഗത്ത്. അഴിമതിക്കേസിൽ കോടതി ഉത്തരവുകൾ നിലനിൽക്കെ പദ്ധതി ഡയറക്ടർ കൂടിയായ സംവിധായകൻ രാജീവ് അഞ്ചൽ ഗൾഫിലെത്തി പണം പിരിക്കുകയാണെന്ന് നിക്ഷേപകർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പണം നഷ്ടപ്പെട്ട നിക്ഷേപകർ മാധ്യമപ്രവർത്തകർക്ക് മുന്നിൽ വിങ്ങിപ്പൊട്ടി.
ജഡായുപ്പാറ ടൂറിസം ബി ഒ ടി പദ്ധതിയുടെ മറവിൽ സംവിധായകൻ രാജീവ് അഞ്ചലും കുടുംബവും കോടികളുടെ വെട്ടിപ്പ് നടത്തി എന്നാരോപിച്ച് ആദ്യമായല്ല പ്രവാസികളായ നിക്ഷേപകർ രംഗത്തുവരുന്നത്. വിവിധ ഗൾഫ് രാജ്യങ്ങളിലെ നൂറിലേറെ വരുന്ന പ്രവാസി നിക്ഷേപകർ സംഘടന രൂപീകരിച്ച് നാട്ടിൽ നിയമപോരാട്ടം നടത്തുകയാണിപ്പോൾ. പദ്ധതി വരുമാനത്തിൽ ഇടപെടാൻ രാജീവ് അഞ്ചലിന് അധികാരമില്ല എന്ന കൊച്ചി നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെയും, ചെന്നൈ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെയും ഉത്തരവ് നിലനിൽക്കെയാണ് ഗൾഫിൽ വീണ്ടും പിരിവ് നടത്തുന്നതെന്ന് നിക്ഷേപകർ ചൂണ്ടിക്കാട്ടി.
ഭൂരിപക്ഷം പ്രവാസികൾ ഉൾപ്പെടുന്ന നിക്ഷേപകരിൽ നിന്ന് 43 കോടി രൂപയിലേറെ പിരിച്ചെടുത്തിട്ടും പത്ത് കോടിയുടെ പോലും നിർമാണം പദ്ധതി പ്രദേശത്ത് നടത്തിയിട്ടില്ല. നിക്ഷേപകർ ഗൾഫിൽ നിന്ന് പദ്ധതി കാണാൻ ടിക്കറ്റെടുത്ത് വന്നാൽ പോലും പൊലീസ് കേസിൽ കുടുക്കുകയാണ്. ജടായു പാറ ടൂറിസം സർക്കാറിന്റെ പദ്ധതിയാണ് എങ്കിലും പ്രവാസി നിക്ഷേപകരുടെ പരാതിയിൽ നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ തയാറായിട്ടില്ല. കേസിൽ കോടതി വിധി വരട്ടെ എന്ന നിലപാടിലാണ് സർക്കാർ.
പ്രവാസികളുടെ പേരിൽ രൂപീകരിച്ച ജടായു ടൂറിസം പ്രൈവറ്റ് ലിമിറ്റ്ഡ് എന്ന കമ്പനിയുടമായ സർക്കാറിന് കരാറില്ലെന്നും രാജീവ് അഞ്ചലിന്റെ ഗുരുചന്ദ്രിക ബിൽഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡുമായാണ് കരാറുമെന്നാണ് വിശദീകരണം. ടൂറിസം വകുപ്പിലെ നല്ലൊരു പങ്ക് ഉദ്യോഗസ്ഥരും അഴിമതിക്ക് നേരെ കണ്ണടക്കുകയാണെന്നും നിക്ഷേപകർ പറഞ്ഞു.
പദ്ധതിയിൽ നിന്നുള്ള വരുമാനം എസ്ക്രോ അക്കൗണ്ടിലേക്ക് അടക്കണം എന്ന ട്രിബ്യൂണലിന്റെ വിധിയും പാലിക്കപ്പെടുന്നില്ല. ജടായു പാറയിൽ ഓൺലൈൻ ടിക്കറ്റിങ്, ഡിജിറ്റൽ സംവിധാനം നിർത്തിവെച്ചിരിക്കുകയാണ്. പണം കാഷായി നൽകുന്നവർക്ക് മാത്രമേ ടിക്കറ്റ് നൽകുന്നുള്ളു. ഇതിലും വൻ വെട്ടിപ്പാണ് നടക്കുന്നതെന്ന് നിക്ഷേപകർ ആരോപിച്ചു. പണം നഷ്ടപ്പെട്ടവരിൽ ഭൂരിഭാഗവും പ്രവാസികളായതിനാൽ നാട്ടിൽ പ്രക്ഷോഭത്തിന് ശ്രമിച്ചവരെ കേസിൽ കുടുക്കി ഭീഷണിപ്പെടുത്തുകയാണെന്നും ഇവർ പറഞ്ഞു.