Writer - റസിൻ അബ്ദുൽ അസീസ്
razinab@321
ദുബൈ: ഐക്യരാഷ്ട്രസഭയിലെ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് യുഎഇ സഹമന്ത്രിയും യുഎന്നിലെയും യൂറോപ്യൻ യൂണിയനിലെയും രാജ്യത്തിന്റെ പ്രതിനിധിയുമായ ലാന നുസൈബ. യുഎഇ ഔദ്യോഗികമായി നാമനിർദേശം ചെയ്തതിന് പിന്നാലെയാണ് പ്രഖ്യാപനം. ഒക്ടോബർ 16ന് യുഎൻ രക്ഷാസമിതി നടത്തിയ ഏറ്റവും പുതിയ പ്രാഥമിക അഭിപ്രായ വോട്ടെടുപ്പിന് പിന്നാലെയാണ് ലാനയുടെ സ്ഥാനാർഥിത്വം. ഗുട്ടെറസിന്റെ രണ്ടാം കാലാവധി 2026 ഡിസംബർ 31ന് അവസാനിക്കും. യുഎന്നിൽ തന്റെ ഔദ്യോഗിക ജീവിതത്തിന്റെ വലിയൊരു ഭാഗം പ്രവർത്തിച്ചിട്ടുണ്ടെന്ന് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചുകൊണ്ട് ലാന നുസൈബ പറഞ്ഞു.
അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും നയതന്ത്രത്തിലൂടെ രാജ്യങ്ങൾക്ക് പൊതുവായ നിലപാടിലെത്താനും അസാധ്യമെന്ന് കരുതിയ ധാരണകൾ സാധ്യമാക്കാനും കഴിയുമെന്ന് നേരിട്ട് കണ്ട് മനസ്സിലാക്കിയിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി. എന്നാൽ നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെടുമ്പോഴുള്ള പ്രത്യാഘാതങ്ങളും കണ്ടിട്ടുണ്ടെന്നും ലാന പറഞ്ഞു. വാഗ്ദാനങ്ങളും പ്രവർത്തനങ്ങളും തമ്മിലുള്ള അകലം വർധിക്കുമ്പോൾ ഐക്യരാഷ്ട്രസഭയിലുള്ള വിശ്വാസം കുറയുമെന്നും കൂട്ടായ പ്രവർത്തനത്തിനുള്ള ശേഷി ദുർബലമാകുമെന്നും അവർ ചൂണ്ടിക്കാട്ടി.
പ്രതിസന്ധികളിൽ നേരത്തേ ഇടപെടുക, അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും വിവിധ വിഭാഗങ്ങളെ ഒരുമിപ്പിക്കുക, യഥാർഥ ലക്ഷ്യം കൈവരിക്കുന്നതുവരെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുക എന്നിവയ്ക്കാണ് മുൻഗണന നൽകുന്നത്. ജനങ്ങൾക്കായി അർഥവത്തായ മാറ്റങ്ങൾ കൊണ്ടുവരാൻ യുഎന്നിന് കഴിയുന്നുവെന്ന് ഉറപ്പാക്കാനും സംഘടനയിലുള്ള വിശ്വാസം വീണ്ടെടുക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ലാന കൂട്ടിച്ചേർത്തു. സ്ഥാനാർഥിത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി യുഎഇ സർക്കാരിലെ ഔദ്യോഗിക ചുമതലകളിൽനിന്ന് നുസൈബ താൽക്കാലിക അവധിയെടുത്തിട്ടുണ്ട്.