ഫൈൻ വാങ്ങിക്കൂട്ടേണ്ടെങ്കിൽ ശ്രദ്ധിച്ചോളൂ; ദുബൈയിലെ 5 പ്രധാന റോഡുകളിൽ പുതിയ നിയമം
നവംബർ ഒന്ന് മുതൽ പുതിയ നിയമം നിലവിൽ വരും.
ദുബൈ: ദുബൈ നഗരത്തിലെ അഞ്ച് പ്രധാനറോഡുകളുടെ വേഗപരിധിയിൽ മാറ്റം. മൂന്ന് റോഡുകളുടെ വേഗപരിധി ഉയർത്തിയപ്പോൾ രണ്ട് റോഡുകളിൽ വേഗത പരിധി ആർ.ടി.എ കുറച്ചു. നവംബർ ഒന്ന് മുതൽ പുതുക്കിയ വേഗപരിധി നിലവിൽ വരും.
അൽ അസായൽ സ്ട്രീറ്റിൽ ഊദ് മേത്ത സ്ട്രീറ്റിനും അൽ മെയ്ദാൻ സ്ട്രീറ്റിനും ഇടയിലെ ഭാഗത്ത് വേഗപരിധി മണിക്കൂറിൽ 60 കിലോമീറ്റർ എന്നത് 80 കിലോമീറ്ററായി ഉയർത്തി. ശൈഖ് റാഷിദ് സ്ട്രീറ്റിനും അൽ മെയ്ദാൻ സ്ട്രീറ്റിനും ഇടയിലുള്ള അൽ മുസ്തഖ്ബൽ സ്ട്രീറ്റിലെ വേഗ പരിധി മണിക്കൂറിൽ 60 കിലോമീറ്ററിൽ നിന്ന് മണിക്കൂറിൽ 70 കിലോമീറ്ററാക്കി ഉയർത്തി. ശൈഖ് സായിദ് റോഡിനും അൽ ഖൈൽ റോഡിനും ഇടയിലുള്ള ലത്തീഫ ബിന്ത് ഹംദാൻ സ്ട്രീറ്റ് എന്നിവിടങ്ങളിലും വേഗപരിധി മണിക്കൂറിൽ 60 കിലോമീറ്ററിൽ നിന്ന് 70 കിലോമീറ്ററായും ഉയർത്തിയിട്ടുണ്ട്.
അതേസമയം, കാൽനടയാത്രക്കാരുടെയും മറ്റ് വാഹനങ്ങളുടെയും സുരക്ഷ മുൻനിർത്തി മർകേഷ് സ്ട്രീറ്റിനും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും ഇടയിലുള്ള അൽ റെബാത് സ്ട്രീറ്റിൽ വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്ന് 90 കിലോമീറ്ററായി കുറച്ചു. സെക്കൻഡ് ഡിസംബർ സ്ട്രീറ്റിനും ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിനും ഇടയിലുള്ള ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സ്ട്രീറ്റിൽ വേഗപരിധി മണിക്കൂറിൽ 80-ൽ നിന്ന് 70 കിലോമീറ്ററായി കുറച്ചതായും ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.