അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഖുർആൻ പാരായണ മത്സരം സംഘടിപ്പിക്കുന്നു
ഓരോ വിഭാഗത്തിൽ നിന്നും ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് 50,000 ഇന്ത്യൻ രൂപയുടെയും രണ്ടാം സ്ഥാനം നേടുന്നവർക്ക് 30,000 രൂപയുടെയും മുന്നാം സ്ഥാനം നേടുന്നവർക്ക് 20,000 രൂപയുടെയും കാശ് അവാർഡ് നൽകും
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഖുർആൻ പാരായണ മത്സരം സംഘടിപ്പിക്കുന്നു. ഏപ്രിൽ 15,16, 17 തിയ്യതികളിൽ ഇസ്ലാമിക് സെന്റർ മെയിൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി യുഎഇ യിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള ഇന്ത്യക്കാരായ ആൺ കുട്ടികളും പെൺകുട്ടികളും മുതിർന്നവരും പങ്കെടുക്കും.
ഓരോ വിഭാഗത്തിൽ നിന്നും ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് 50,000 ഇന്ത്യൻ രൂപയുടെയും രണ്ടാം സ്ഥാനം നേടുന്നവർക്ക് 30,000 രൂപയുടെയും മുന്നാം സ്ഥാനം നേടുന്നവർക്ക് 20,000 രൂപയുടെയും കാശ് അവാർഡ് നൽകും. സമാപന ദിവസമായ ഏപ്രിൽ 17 ഞായറാഴ്ച്ച ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ എം.എ അഷ്‌റഫ് അലി മുഖ്യാതിഥിയായി പങ്കെടുക്കും. പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി ഖുർആൻ പ്രഭാഷണം നിർവഹിക്കും. പ്രമുഖ ഖാരിഉകളുടെ വിവിധ ശൈലിയിലുള്ള ഖിറാഅത്ത് പരിപാടിക്ക് മാറ്റ് കൂട്ടും. മത്സരത്തിൽ മികച്ച നിലവാരം പുലർത്തിയ മത്സരാർഥികൾ ഖിറാഅത്ത് അവതരിപ്പിക്കും.
വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ടി.കെ അബ്ദു സലാം, സെക്രട്ടറിമാരായ സാബിർ മാട്ടൂൽ, ഹാരിസ് ബാഖവി സലീം നാട്ടിക, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ റസാഖ് ഒരുമനയൂർ എന്നിവർ സംബന്ധിച്ചു