സഞ്ജയ് ഷായുടെ കൈമാറ്റം; കോടതി വിധിക്കെതിരെ അപ്പീൽ
സഞ്ജയ് ഷാക്ക് ദുബൈയിൽ തുടരാൻ കോടതി തിങ്കളാഴ്ചയാണ് അനുമതി നൽകിയത്
ഡെൻമാർക്കിൽ 170കോടി ഡോളർ തട്ടിപ്പ് നടത്തിയെന്ന കേസിൽ അന്വേഷണം നേരിടുന്ന ബ്രിട്ടീഷ് പൗരൻ സഞ്ജയ് ഷായെ നാടുകടത്തുന്നത് തടഞ്ഞ കോടതിവിധിക്കെതിരെ അപ്പീലുമായി ദുബൈ അറ്റോർണി ജനറൽ. സഞ്ജയ് ഷാക്ക് ദുബൈയിൽ തുടരാൻ കോടതി തിങ്കളാഴ്ചയാണ് അനുമതി നൽകിയത്. ഡെൻമാർക്കിന്‍റെ ആവശ്യമനുസരിച്ച് തട്ടിപ്പ് കേസിൽ പ്രതിയായ ഇയാളെ ദുബൈ പൊലീസ് ജൂണിലാണ് കസ്റ്റഡിയിലെടുത്തത്. എന്നാൽ കോടതി ദുബൈയിൽ തുടരാൻ അനുമതി നൽകിയതോടെ നാടുകടത്തുന്നത് തടസപ്പെട്ടിരിക്കയാണ്.
അറ്റോർണി ജനറൽ ഇസാം ഈസ അൽ ഹുമൈദാൻ സമർപ്പിച്ച അപ്പീലിൽ ഉയർന്ന കോടതിയാണ് വാദം കേൾക്കുക. അന്താരാഷ്ട്ര ജുഡീഷ്യൽ സഹകരണ നിയമപ്രകാരമുള്ള അധികാരം അനുസരിച്ചാണ് അറ്റോർണലി ജനറലിന്‍റെ അപ്പീൽ. നികുതി വെട്ടിപ്പു കേസിൽ അന്വേഷണം നേരിടുന്ന ഇയാളെ കുറ്റവാളികളെ കൈമാറുന്ന അന്താരാഷ്ട്ര ധാരണപ്രകാരമാണ് ദുബൈ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഡെന്മാർക്ക് സർക്കാരിന് വേണ്ടി പ്രവർത്തിക്കുന്ന യു.എ.ഇ പ്രോസിക്യൂട്ടർമാർ കുറ്റവാളികളെ കൈമാറുന്നതിനുള്ള രേഖകൾ ശരിയായി സമർപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നാടുകടത്തൽ തടഞ്ഞത്. ഈ വിധി വന്നതോടെ സഞ്ജയ് ഷായെ മോചിപ്പിക്കാൻ അദ്ദേഹത്തിന്‍റെ അഭിഭാഷകർ ശ്രമം തുടങ്ങിയിരുന്നു. എന്നാൽ വ്യാഴാഴ്ച ഡെൻമാർക്ക് സർക്കാർ ഫയൽ ചെയ്ത കേസിൽ ദുബൈ കോടതി ഇദ്ദേഹത്തോട് 125കോടി ഡോളർ തിരികെ നൽകണമെന്ന് വിധിച്ചിട്ടുണ്ട്. ദുബൈപാം ജുമൈറയിലെ ഒരു വില്ലയിൽ താമസിച്ചിരുന്ന സഞ്ജയ് ഷാ നിലവിൽ തടങ്കലിൽ തുടരുകയാണ്.