രണ്ടുലക്ഷം വർഷം മുമ്പ് മനുഷ്യവാസമുള്ള സ്ഥലം; ഷാർജയിലെ ഫയ മേഖല യുനെസ്‌കോ ആഗോള പൈതൃകപട്ടികയിൽ ഇടംപിടിച്ചു

പട്ടികയിൽ ഇടം നേടുന്ന ആദ്യ മരൂഭൂ പ്രാചീന മേഖല

Update: 2025-07-11 19:57 GMT
Editor : Thameem CP | By : Web Desk

ഷാർജ: ഷാർജയിലെ ഫയ പ്രാചീനമേഖല യുനെസ്‌കോയുടെ ആഗോള പൈതൃകപട്ടികയിൽ ഇടം പിടിച്ചു. ഇന്നാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. യുനെസ്‌കോ ആഗോള പൈതൃക പട്ടികയിലെത്തുന്ന യു.എ.ഇയുടെ രണ്ടാമത്തെ സ്ഥലമാണ് ഫയ.

2,10,000 വർഷങ്ങൾക്ക് മുൻപ് മനുഷ്യവാസം നിലനിന്നിരുന്നുവെന്ന് കരുതുന്ന ഷാർജയിലെ മരൂഭൂ പ്രദേശമാണ് ഫയ. കഴിഞ്ഞവർഷം സാംസ്‌കാരിക ഭൂപ്രദേശങ്ങളുടെ പട്ടികയിൽ ഫയ ഇടം നേടിയിരുന്നു. ഈ പട്ടികയിൽ ഇടം നേടുന്ന ആദ്യ മരൂഭൂ പൈതൃകമേഖലയാണിത്. 2011 ൽ അൽഐനിലെ സാംസ്‌കാരിക പ്രദേശങ്ങളാണ് ഇതിന് മുമ്പ് യു.എ.ഇയിൽ നിന്ന് യുനെസ്‌കോയുടെ ആഗോള പൈതൃകപട്ടികയിൽ ഔദ്യോഗികമായി ഇടം പിടിച്ചത്. മനുഷ്യവാസത്തിന്റെ വളർച്ച 18 തലങ്ങളിലുള്ള തെളിവുകൾ കണ്ടെത്തിയ സ്ഥലമാണ് ഫയ. ഇവിടെ നടന്ന ഉദ്ഖനനത്തിന്റെ തെളിവുകളുടെ അടിസ്ഥാനത്തിൽ 12 വർഷം നീണ്ട മുന്നൊരുക്കങ്ങൾക്ക് ശേഷമാണ് കഴിഞ്ഞവർഷം ഈ മേഖല യുനെസ്‌കോയുടെ പട്ടികയിലേക്ക് നാമനിർദേശം ചെയ്തത്. ഷാർജ ഭരണാധികാരിയുടെ മകൾ ശൈഖ ബുദൂർ അൽഖാസിമി അംബാസറായി ഇതിനായുള്ള പ്രവർത്തനങ്ങൾ സജീവമായിരുന്നു. മനുഷ്യഉൽപത്തിക്ക് ശേഷം ആഫ്രിക്കയിൽ നിന്ന് അറേബ്യയിൻ മേഖലയിലേക്ക് മനുഷ്യർ പലായനം ചെയ്തതിന്റെ തെളിവുകൾ ശേഷിക്കുന്ന സ്ഥലമാണ് ഷാർജയിലെ മലീഹയോട് ചേർന്ന ഫയ മരുഭൂ മേഖല.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News