ഷാർജയിൽ പുതിയ ആർട്സ് യൂണിവേഴ്സിറ്റി പ്രഖ്യാപിച്ച് ഭരണാധികാരി
മകൾ ശൈഖ ഹൂറിനെ പ്രസിഡന്റായി നിയമിച്ചു
ഷാർജ: ഷാർജയിൽ പുതിയ യൂണിവേഴ്സിറ്റി പ്രഖ്യാപിച്ച് ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. 'യൂണിവേഴ്‌സിറ്റി ഓഫ് ദി ആർട്സ് ഷാർജ' എന്ന പേരിലാണ് ഈ സ്ഥാപനം അറിയപ്പെടുക. ഷാർജ കൗൺസിൽ ഓഫ് ഹയർ എജ്യുക്കേഷൻ ആന്റ് സയന്റിഫിക് റിസർച്ചിന്റെ യോഗത്തിലാണ് സുപ്രധാനമായ പ്രഖ്യാപനം ഉണ്ടായത്. എല്ലാ കലാവിഷയങ്ങളെയും ഒരുമിച്ചു കൊണ്ടുവന്ന് പഠന നിലവാരം മെച്ചപ്പെടുത്തുക, ഉന്നത വിദ്യാഭ്യാസം ഏകീകരിക്കുക എന്നീ ലക്ഷ്യങ്ങളാണ് സർവകലാശാലയുടെ സ്ഥാപനത്തിന് പിന്നിലുള്ളത്. പുതിയ സർവകലാശാലയുടെ പ്രസിഡന്റായി ശൈഖ ഹൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയെ നിയമിച്ചതായും ഷാർജ ഭരണാധികാരി അറിയിച്ചു.
പുതിയ സർവകലാശാലയുടെ ഭരണപരമായ കാര്യങ്ങൾക്കായി ഷാർജ പെർഫോമിങ് ആർട്സ് അക്കാദമിയുടെ നിലവിലുള്ള ബോർഡ് ഓഫ് ട്രസ്റ്റീസിനെ പിരിച്ചുവിട്ട് ശൈഖ ഹൂർ അധ്യക്ഷയായി പുതിയ ബോർഡ് രൂപീകരിക്കും. യൂണിവേഴ്‌സിറ്റി ഓഫ് ദി ആർട്സ് ഷാർജയിലെ പെർഫോമിങ് ആർട്സ് അക്കാദമിയുടെ ഡയറക്ടറായി ഡോ. പീറ്റർ ബാർലോയെയും വിഷ്വൽ ആർട്സ് അക്കാദമിയുടെ ഡയറക്ടറായി ഡോ. നാദിയാ മഹ്ദി അൽ ഹസ്‌നിയെയും നിയമിച്ചു.