ബഹ്റൈൻ ദേശീയ ദിനം: ഹമദ് രാജാവിന് ആശംസകൾ നേർന്ന് ഗൾഫ് രാഷ്ട്ര നേതാക്കൾ
ബഹ്‌റൈൻ ഇന്ന് 54ാം ദേശീയ ദിനമാണ് ആഘോഷിക്കുന്നത്
ബഹ്റൈൻ ഇന്ന് 54ാം ദേശീയ ദിനം ആഘോഷിക്കുന്ന വേളയിൽ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്ക് ആശംസാ സന്ദേശമയച്ച് ഗൾഫ് രാഷ്ട്ര നേതാക്കൾ. യുഎഇ പ്രസിഡന്റ്, ദുബൈ ഭരണാധികാരി, ഒമാൻ സുൽത്താൻ, സൗദി രാജാവ് കീരീടാവകാശി, ഖത്തർ അമീർ എന്നിവരാണ് ബഹ്‌റൈൻ രാജാവിനെ ആശംസകളറിയിച്ചത്. ബഹ്റൈൻ രാജാവിന് തുടർച്ചയായ ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെയെന്നും, സഹോദര രാജ്യത്തെ സർക്കാരിനും ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെ എന്നും സൗദി രാജാവും കിരീടാവകാശിയും സന്ദേശത്തിൽ പറഞ്ഞു.
യുഎഇയും ബഹ്റൈനും തമ്മിലുള്ള ശക്തമായ സൗഹൃദബന്ധം ഈ പ്രത്യേക ദിനത്തിൽ ആഘോഷിക്കുകയും, ഇരു രാജ്യങ്ങളുടെയും ജനതയുടെയും മേഖലയുടെയും പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ഈ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് എക്‌സിൽ കുറിച്ചു. ബഹ്റൈൻ രാജാവിനും ജനങ്ങൾക്കും തുടർന്നും സുരക്ഷയും, സമാധാനവും, ഐശ്വര്യവും, പുരോഗതിയും ഉണ്ടാകാൻ പ്രാർഥിക്കുന്നതായി ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദും അറിയിച്ചു. ബഹ്റൈൻ രാജാവിനും ജനങ്ങൾക്കും കൂടുതൽ നേട്ടങ്ങളും അഭിലാഷങ്ങളും കൈവരിക്കാൻ സാധിക്കട്ടെ എന്ന് ഒമാൻ സുൽത്താനും ആശംസിച്ചു. കൂടാതെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയും ഹമദ് രാജാവിന് ആശംസാ സന്ദേശമയച്ചു.