ശൈത്യ കാലത്തിന്‍റെ വരവറിയിച്ച് യു.എ.ഇയുടെ ആകാശത്ത് 'സുഹൈൽ' നക്ഷത്രം തെളിഞ്ഞു
സുഹൈൽ നക്ഷത്രം തെളിയുന്നത് പരമ്പരാഗതമായി യു.എ.ഇയിൽ ചൂട് കുറഞ്ഞു തുടങ്ങുന്നതിന്‍റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്
ശൈത്യ കാലത്തിന്‍റെ വരവറിയിച്ച് ,യുടെ ആകാശത്ത് 'സുഹൈൽ' നക്ഷത്രം തെളിഞ്ഞു. വേനലിന്‍റെ അവസാന ഘട്ടത്തിൽ പ്രത്യക്ഷപ്പെട്ട് ശൈത്യകാലം മുഴുവനും തെളിഞ്ഞു കാണുന്ന താരകമാണ് 'സുഹൈൽ'. ബുധനാഴ്ച പുലർകാലത്താണ് ഇത് ദൃശ്യമായതെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി അറിയിച്ചു.
സുഹൈൽ നക്ഷത്രം തെളിയുന്നത് പരമ്പരാഗതമായി യു.എ.ഇയിൽ ചൂട് കുറഞ്ഞു തുടങ്ങുന്നതിന്‍റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. വേട്ടയാടൽ കാലത്തിന്‍റെ തുടക്കമായും ഇതിനെ അടയാളപ്പെടുത്താറുണ്ട്. 'സിറിയസി'ന് ശേഷം ആകാശത്ത് ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ് 'സുഹൈലെ'ന്നാണ്അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം പറയുന്നത്. ഭൂമിയിൽ നിന്ന് ഏകദേശം 313 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.
പുരാതന കാലം മുതൽ അറബ് ജനത ഋതുഭേദങ്ങൾ തിരിച്ചറിയാനായി ഉപയോഗിക്കുന്നുണ്ട്. അറബി കവിതകളിലും മറ്റും ഇത് സംബന്ധിച്ച പരാമർശങ്ങൾ സുലഭമാണെന്ന് അറബ് യൂനിയൻ ഫോർ അസ്ട്രോണമി ആൻഡ് സ്പേസ് സയൻസസ് അംഗം ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു. യു.എ.ഇയിലെ കലയിലും സാഹിത്യത്തിലും ഈ നക്ഷത്രം പലപ്പോഴും സ്നേഹത്തിന്‍റെയും ഹൃദയശുദ്ധിയുടെയും പ്രതീകമായാണ് ചിത്രീകരിക്കപ്പെടുന്നത്. യു.എ.ഇയിൽ വിവിധ ഭാഗങ്ങളിൽ അടുത്ത ദിവസങ്ങളിൽ ചൂട് കുറഞ്ഞു തുടങ്ങും.