ദുബൈയിൽ വൻകിട റോഡ് വികസന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി
ശൈഖ് റാശിദ് ബിൻ സഈദ് കോറിഡോറിന്റെ പ്രഥമഘട്ടമാണ് യാത്രക്കാർക്കായി തുറന്നത്.
ദുബൈയിൽ വൻകിട റോഡ് വികസന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി. ശൈഖ് റാശിദ് ബിൻ സഈദ് കോറിഡോറിന്റെ പ്രഥമഘട്ടമാണ് യാത്രക്കാർക്കായി തുറന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ദുബൈ റാസൽ ഖോർ റോഡിലെ യാത്രാസമയം 20 മിനിറ്റിൽനിന്ന് ഏഴായി കുറയുമെന്നും അധികൃതർ വ്യക്തമാക്കി.
ബൂ കദ്റ മുതൽ നാദ് അൽ ഹമർ വരെ നീളുന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം. മൂന്ന് ലൈനുള്ളത് ഇവിടെ നാല് ലൈനുകളായാണ് വികസിപ്പിച്ചത്. ഏതാണ്ട് നാലു കിലോമീറ്റർ ദൈർഘ്യത്തിലാണ് വികസനം. ദുബൈ ക്രീക്ക് ഹാർബറിലേക്കുള്ള എല്ലാ പാലങ്ങളും തുറന്നു. ഇതോടെ ക്രീക്ക് ഹാർബറിലേക്ക് കൂടുതൽ വാഹനങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകുമെന്ന് ആർ.ടി.എ അധികൃതർ വ്യക്തമാക്കി. രണ്ടു ഘട്ട പദ്ധതി പൂർത്തീകരിക്കുന്നതോടെ വൻ വികസന കുതിപ്പിനാകും പ്രദേശം സാക്ഷ്യംവഹിക്കുക.
1730 മീറ്റർ വിസ്തൃതിയിൽ മണിക്കൂറിൽ പതിനായിരത്തിലേറെ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്ന പദ്ധതിയാണിത്. പദ്ധതി യാഥാർഥ്യമാകുമ്പോള്‍ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ബൂ കദ്റ ജങ്ഷൻ എന്നിവ മുഖേനയുള്ള യാത്രാ സമയം ഇരുപത് മിനിറ്റിൽ നിന്ന് 7 മിനിറ്റായി ചുരുങ്ങും. വിപുലമായ തോതിലുള്ള റോഡ് വികസന പദ്ധതികളാണ് ദുബൈയിൽ പൂർത്തിയാകുന്നതെന്നും ആർ.ടി.എ ചെയർമാൻ മതാർ അൽ തായർ പറഞ്ഞു.