പരിപാടികളുടെ ടിക്കറ്റിന് ഈടാക്കുന്ന പ്രത്യേക ഫീസ് ഒഴിവാക്കി ദുബൈ സര്‍ക്കാര്‍
ദുബൈ എമിറേറ്റിൽ പരിപാടികൾ ഒരുക്കുന്ന സംഘാടകരുടെ ലാഭം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് നടപടി
ദുബൈ: ദുബൈയിൽ നടക്കുന്ന പരിപാടികളുടെ ടിക്കറ്റ് നിരക്കിന് ആനുപാതികമായി പ്രത്യേക ഫീസ് ഈടാക്കുന്നത് സർക്കാർ ഒഴിവാക്കി. ദുബൈ എമിറേറ്റിൽ പരിപാടികൾ ഒരുക്കുന്ന സംഘാടകരുടെ ലാഭം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് നടപടി. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഇതോടെ കൂടുതൽ അന്താരാഷ്ട്ര, പ്രദേശിക ഇവന്‍റുകൾക്ക് ദുബൈ വേദിയാകുന്നതിന് സാഹചര്യമൊരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
വിൽപന നടന്ന ടിക്കറ്റിന്‍റെ മൂല്യം കണക്കാക്കി, 10 ശതമാനം അല്ലെങ്കിൽ ഒരു അതിഥിക്ക് 10 ദിർഹം എന്ന നിലയിലാണ് സാമ്പത്തിക, ടൂറിസം വകുപ്പ് ഫീസ് ഈടാക്കിയിരുന്നത്. അതേസമയം ഇ-പെർമിറ്റ്, ഇ-ടിക്കറ്റിങ് സംവിധാനങ്ങൾക്ക് വാർഷിക സബ്‌സ്‌ക്രിപ്‌ഷനായി നിരക്ക് ഈടാക്കുന്നത് തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ നിയമ ഭേദഗതി വന്നതോടെ പല പരിപാടികളുടെയും ടിക്കറ്റ് നിരക്കിൽ കുറവു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബൈ സാമ്പത്തിക അജണ്ട-ഡി33 യുടെ ഭാഗമായാണ് പുതിയ മാറ്റം.