അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ യു.എ.ഇയും ഒമാനും അതിഥി രാജ്യങ്ങളാകും
ഇന്ത്യ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്
അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ജി-20 രാജ്യങ്ങളുടെ ഉച്ചകോടിയിൽ ഗൾഫ് മേഖലയിൽ നിന്ന് യു.എ.ഇയും ഒമാനും അതിഥി രാജ്യങ്ങളാകും. കഴിഞ്ഞ ദിവസം ഇന്ത്യ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2023സെപ്റ്റംബർ 9,10 തിയ്യതികളിലാണ് ഉച്ചകോടി നടക്കുക.
ലോക രാജ്യങ്ങളുടെ സുപ്രധാന കൂട്ടായ്മയായ ജി-20യുടെ അടുത്ത അധ്യക്ഷ സ്ഥാനം അലങ്കരിക്കുന്നത് ഇന്ത്യയാണ്. ഈ വർഷം ഡിസംബർ മുതൽ അടുത്ത വർഷം നവംബർ വരെയാണ് കൂട്ടായ്മയുടെ അധ്യക്ഷ പദവിയിൽ ഇന്ത്യ ഉണ്ടാവുക. യു.എ.ഇ, ഒമാൻ രാജ്യങ്ങളുമായുള്ള അടുത്ത ബന്ധം കൂടി മുൻനിർത്തിയാണ് ഇരു രാജ്യങ്ങളെയും ഇന്ത്യ ഉച്ചകോടിക്ക് ക്ഷണിച്ചിരിക്കുന്നത്.
ബംഗ്ലാദേശ്, ഈജിപ്ത്, മൗറീഷ്യസ്, നെതർലാൻഡ്സ്, നൈജീരിയ, സിംഗപ്പൂർ, സ്പെയിൻ എന്നീ രാജ്യങ്ങളെയും അതിഥികളായി പങ്കെടുപ്പിക്കും. ന്യൂഡൽഹിയിലാണ് ഉച്ചകോടി അരങ്ങേറുക. യു.കെ, യു.എസ്.എ, അർജന്‍റീന, ആസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഉൾപ്പെടെയുള്ള രാജ്യങ്ങളാണ് ഇന്ത്യക്ക് പുറമെ ജി-20 കൂട്ടായ്മയിലുള്ളത്. ഏഷ്യൻ ഡെവലപ്‌മെന്‍റ് ബാങ്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെയും അന്താരാഷ്ട്ര സംഘടനകളെയും ഉച്ചകോടിക്ക് ക്ഷണിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ അറിയിച്ചു. ജി-20രാജ്യങ്ങളാണ് ആഗോള ജി.ഡി.പിയുടെ 85 ശതമാനം, അന്താരാഷ്ട്ര വ്യാപാരത്തിന്‍റെ 75 ശതമാനം, ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗം എന്നിവ നിയന്ത്രിക്കുന്നത് ജി 20 രാജ്യങ്ങളാണ്. അന്താരാഷ്ട്ര സാമ്പത്തിക സഹകരണത്തിനുള്ള പ്രധാന ഫോറം എന്ന നിലയിലാണ് കൂട്ടായ്മ വിലയിരുത്തപ്പെടുന്നത്.