പൊതുജനാരോഗ്യ സംരക്ഷണത്തിന് പുതിയ കമ്മിറ്റിക്ക് രൂപം നൽകി യു.എ.ഇ മന്ത്രിസഭ
യു.എ.ഇ ആരോഗ്യ കൗൺസിൽ പുനഃസംഘടിപ്പിക്കാനും മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി
ദുബൈ: പൊതുജനാരോഗ്യ സംരക്ഷണത്തിന് നേതൃത്വം നൽകുന്ന പുതിയ കമ്മിറ്റിക്ക് രൂപം നൽകി യു.എ.ഇ മന്ത്രിസഭ. ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനു പുറമെ യു.എ.ഇ ആരോഗ്യ കൗൺസിൽ പുനഃസംഘടിപ്പിക്കാനും മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി.
രോഗവ്യാപനം തടയുക, പകർച്ചവ്യാധികളടക്കം കൃത്യമായി പ്രതിരോധിക്കാൻ നടപടി സ്വീകരിക്കുക, ആരോഗ്യ സംവിധാനങ്ങളെ ഏകോപനത്തോടെ മുന്നോട്ടുകൊണ്ടുപോവുക എന്നിയാണ് ദേശീയ പബ്ലിക് ഹെൽത്ത് കമ്മിറ്റിയുടെ ലക്ഷ്യം. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിലാണ് മന്ത്രിസഭ യോഗം ചേർന്നത്.
ജനങ്ങളെയും സമൂഹത്തെയും ബാധിക്കുന്ന എല്ലാ ആരോഗ്യ സംബന്ധമായ വെല്ലുവിളികളെയും നേരിടുന്നതിന് തയ്യാറെടുപ്പും സംവിധാനങ്ങളും ഒരുക്കുന്നതിന് കമ്മിറ്റിക്കായിരിക്കും ഉത്തരവാദിത്തം. ആരോഗ്യമന്ത്രി അബ്ദുറഹ്മാൻ അൽ ഉവൈസിയാണ്കമ്മിറ്റി ചെയർമാൻ. അടിയന്തിര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ആസൂത്രണം നടത്തേണ്ടതടക്കമുള്ള ചുമതലകളും സമിതിക്കുണ്ട്. ആരോഗ്യ മന്ത്രാലയം, ആരോഗ്യ അതോറിറ്റികൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയെ ഏകോപിപ്പിക്കുകയും ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും മേൽനോട്ടം വഹിക്കുകയും ചെയ്യും. പുനഃസംഘടിപ്പിപ്പിച്ച ആരോഗ്യ കൗൺസിലിന്‍റെ ചെയർമാനും ആരോഗ്യ മന്ത്രിയായിരിക്കും. ഫെഡറൽ തലത്തിലും പ്രാദേശിക തലത്തിലും ആരോഗ്യമേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ഈ മേഖലയുമായി ബന്ധപ്പെട്ട നിയമനിർമ്മാണവും കൗൺസിലിന്‍റെ ചുമതലയാണ്.