താമസസ്ഥലങ്ങളിലെ നിയമ ലംഘനം; ദുബൈയിൽ പരിശോധന ശക്തം
താമസ സൗകര്യങ്ങളിൽ നിയമം അനുവദിക്കുന്നതിലും കൂടുതൽ ആളുകളോ കുടുംബങ്ങളോ കഴിയുന്നുണ്ടോ എന്ന പരിശോധനയാണ് പ്രധാനമായും നടക്കുന്നത്
ദുബൈയിൽ താമസസ്ഥലങ്ങളിലെ നിയമ ലംഘനങ്ങൾ കണ്ടെത്താനുള്ള പരിശോധന ശക്തമാക്കി. താമസ സൗകര്യങ്ങളിൽ നിയമം അനുവദിക്കുന്നതിലും കൂടുതൽ ആളുകളോ കുടുംബങ്ങളോ കഴിയുന്നുണ്ടോ എന്ന പരിശോധനയാണ് പ്രധാനമായും നടക്കുന്നത്. ജനങ്ങളുടെ സൗകര്യവും സുരക്ഷയും ഉറപ്പു വരുത്തുന്നതിനാണ് പരിശോധനാ നടപടികളന്ന് ദുബൈ മുനിസിപാലിറ്റി വ്യക്തമാക്കി.
ഈ വർഷം തുടക്കം മുതൽ ഇതുവരെ മുനിസിപ്പാലിറ്റി 19,837 ഫീൽഡ് വിസിറ്റുകൾ പൂർത്തിയാക്കി. എല്ലാ ദിവസവും രാവിലെയും വൈകുന്നേരങ്ങളിലുമാണ് മറ്റു വകുപ്പുകളെ കൂടി ഏകോപിപ്പിച്ച് പരിശോധനകൾ നടക്കുന്നത്. നിയമം ലംഘിക്കുന്നവർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിച്ചതിന്‍റെ ഫലമായി താമസക്കാരിൽ മിക്കവരും നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ തുടങ്ങിയതായും അധികൃതർ അറിയിച്ചു.
ദുബൈയിൽ വില്ലകളിലും അപാർട്മെന്റുകളിലും താമസിപ്പിക്കാവുന്ന ആളുകളുടെയും കുടുംബങ്ങളുടെയും എണ്ണം കൃത്യമായി നിശ്ചയിച്ചിട്ടുണ്ട്. പരിശോധനകളിൽ ഈ എണ്ണം പാലിക്കുന്നുണ്ടോയെന്നാണ് അധികൃതർ അന്വേഷിക്കുന്നത്. ഉടമയുടെ അനുമതിയില്ലാതെ വാടകക്ക് എടുത്ത അപ്പാർട്ട്മെന്‍റ് മറ്റുള്ളവരുമായി പങ്കിടുന്നതും നിയമവിരുദ്ധമാണ്. പിടിക്കപ്പെട്ടാൽ വാടകക്കാരനും ഇയാൾ താമസിപ്പിച്ചവരും ഒഴിഞ്ഞുകൊടുക്കേണ്ടിവരും. നിയമലംഘകരിൽ നിന്ന് വൻതുക ഫൈനും ഈടാക്കും. കുടുംബങ്ങളെ മാത്രം താമസിപ്പിക്കാൻ അനുമതിയുള്ള സ്ഥലങ്ങളിൽ ബാച്ചിലേർസിനെ താമസിപ്പിക്കുന്നതും നിയമവിരുദ്ധമാണ്.
ദുബൈയിൽ താമസിക്കുന്നവർ ഒപ്പം കഴിയുന്നവരുടെ വിവരം രജിസ്റ്റർ ചെയ്യണമെന്ന് വെള്ളിയാഴ്ചയാണ് ദുബൈ ലാൻഡ് ഡിപ്പാർട്ടുമെന്‍റ് നിർദേശം പുറത്തിറക്കിയത്. ദുബൈ റെസ്റ്റ് (Dubai REST) ആപ്പ് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കാൻ രണ്ടാഴ്ചത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. താമസ സ്ഥലങ്ങൾ സ്വന്തമായി വാങ്ങിയവരും വാടകക്കെടുത്തവരും പ്രോപ്പർട്ടി മാനേജ്മെന്റ് കമ്പനികളും ഡെവലപ്പർമാരും രജിസ്റ്റർ ചെയ്യണം. ആരുടെ പേരിലാണോ വാടക കരാർ അവരാണ് രജിസ്റ്റർ ചെയ്യേണ്ടത്.