50 വര്‍ഷത്തേക്കുള്ള പത്തിന തത്വങ്ങള്‍ക്ക് അംഗീകാരം നല്‍കി യുഎഇ
സമാധാനപരമായ ചര്‍ച്ചകളിലൂടെ രാഷ്ട്രീയ വിയോജിപ്പുകള്‍ പരിഹരിക്കുക എന്നതായിരിക്കും യു.എ.ഇയുടെ വിദേശ നയമെന്നും പത്തിന തത്വങ്ങളില്‍ പറയുന്നു.
യുഎഇ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന സാഹചര്യത്തിലാണ് ഭാവിയിലേക്ക് ആവശ്യമായ പത്ത് തത്വങ്ങള്‍ ഭരണനേതൃത്വം കഴിഞ്ഞമാസം പ്രഖ്യാപിച്ചത്. ഇതിന് പ്രസിഡന്റ് ഇന്ന് അംഗീകാരം നല്‍കുകയായിരുന്നു. രാജ്യത്തിന്റെ മുഴുവന്‍ നയങ്ങളും ഈ പത്ത് തത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയാകണമെന്ന് പ്രസിഡന്റിന്റെ ഉത്തരവില്‍ പറയുന്നു. എമിറേറ്റുകളുടെ ഐക്യത്തിനും ഫെഡറല്‍ യൂണിയനുമാണ് ഏറ്റവും മുന്‍ഗണന നല്‍കേണ്ടതെന്നാണ് ആദ്യ തത്വം.
ലോകത്തിലെ ഏറ്റവും ഊര്‍ജസ്വലമായ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് പ്രധാന ശ്രദ്ധ നല്‍കും. വിദേശനയം ഉന്നതമായ ദേശീയ താല്‍പര്യങ്ങളെ സംരക്ഷിക്കുന്നതിനായിരിക്കണം. വളര്‍ച്ചയിലേക്കുള്ള പ്രധാന ശക്തി മാനുഷിക മൂലധനമായിരിക്കും. ഇതിനായി വിദ്യാഭ്യാസ പുരോഗതിക്കും പ്രതിഭകളെ ആകര്‍ഷിക്കുന്നതിനും മുന്‍ഗണന നല്‍കും. ഇവയാണ് ആദ്യ നാല് തത്വങ്ങള്‍.
ഡിജിറ്റല്‍, സാങ്കേതിക, ശാസ്ത്രീയ മേഖലകളിലെ മികവ് വികസന-സാമ്പത്തിക മുന്നേറ്റത്തിന് അടിസ്ഥാനമാക്കും. പ്രതിഭകളുടെയും കമ്പനികളുടെയും നിക്ഷേപങ്ങളുടെയും തലസ്ഥാനമെന്ന നിലയില്‍ രാജ്യത്തെ വികസിപ്പിക്കും. മൂല്യവ്യവസ്ഥ സുതാര്യവും സഹിഷ്ണുതയുള്ളതുമാക്കും. രാഷ്ട്രീയ വിയോജിപ്പ് ദുരന്തങ്ങളിലും പ്രതിസന്ധികളിലും ആശ്വാസം നല്‍കുന്നതിന് തടസമാകരുതെന്നും തത്വം നിര്‍ദേശിക്കുന്നു. സമാധാനപരമായ ചര്‍ച്ചകളിലൂടെ രാഷ്ട്രീയ വിയോജിപ്പുകള്‍ പരിഹരിക്കുക എന്നതായിരിക്കും യു.എ.ഇയുടെ വിദേശ നയമെന്നും പത്തിന തത്വങ്ങളില്‍ പറയുന്നു.