കൈപിടിച്ച് യുഎഇ; ഗസ്സയിലേക്കെത്തിച്ചത് 2.57 ബില്യൺ ഡോളർ മൂല്യമുള്ള സഹായവസ്തുക്കൾ

കണക്കുകൾ പുറത്തുവിട്ട് നയതന്ത്ര ഉപദേഷ്ടാവ്

Update: 2025-11-02 13:15 GMT
Editor : Mufeeda | By : Web Desk

ദുബൈ: ഗസ്സയിലേക്കെത്തിയ ലോകത്തിലെ ഏറ്റവും വലിയ മാനുഷിക സഹായങ്ങളിലൊന്ന് യുഎഇയുടേതെന്ന് ഭരണാധികാരിയുടെ നയതന്ത്ര ഉപദേഷ്ടാവ് ഡോ.അൻവർ ഗാർഗാഷ്. ഇത് വരെ 2.57 ബില്യൺ ഡോളർ (9.4 ബില്യൺ ദിർഹം) മൂല്യമുള്ള സഹായവസ്തുക്കളാണ് യുഎഇ ​ഗസ്സയിൽ എത്തിച്ചത്.

ഭക്ഷണം, വെള്ളം തുടങ്ങിയ അവശ്യവസ്തുക്കൾ ഉൾപ്പെടെ വൈദ്യസഹായങ്ങളും പരിക്കേറ്റവരും രോഗികളുമായ ആയിരക്കണക്കിന് ഫലസ്തീനികൾക്ക് ചികിത്സയും നൽകാൻ യുഎഇക്ക് സാധിച്ചു. ഗസ്സയിലേക്കെത്തിയ സഹായങ്ങളുടെ 40 ശതമാനത്തിലധികമാണ് യുഎഇയുടെ സംഭാവനയെന്ന് അദ്ദേഹം അവകാശപ്പെട്ടു.

1ലക്ഷം ടണ്ണിലധികം അടിയന്തര സഹായവും 712 ആശ്വാസ വിമാനങ്ങളും 221 എയർഡ്രോപ്പുകളും ​ഗസ്സയിലെത്തിച്ചു. ഭക്ഷണവും മരുന്നും വഹിച്ച 10,000 ട്രക്കുകളും 21 കപ്പലുകളും എത്തിക്കാനായി. ഗസ്സയിൽ നിന്നെത്തിയ പരിക്കേറ്റ 2,961പേർ, ക്യാൻസർ രോഗികൾ, കുട്ടികൾ എന്നിവർക്ക് യുഎഇ ആശുപത്രികളിൽ ചികിത്സ നൽകി. ​കൂടാതെ, ഗസ്സയിലെ യുഎഇ ഫീൽഡ് ആശുപത്രികളിൽ 53,375 പേർക്കാണ് ചികിത്സ ലഭിച്ചത്. ഈജിപ്തിലെ അൽ അരിഷിലെ യുഎഇ ഫ്ലോട്ടിങ് ആശുപത്രിയിൽ 20,990 രോഗികളും ചികിത്സ തേടി.

അമ്പതിൽപരം കമ്മ്യൂണിറ്റി കിച്ചനുകൾ വഴി ദിവസവും മൂന്ന് ലക്ഷത്തോളം ആളുകൾക്ക് ഭക്ഷണം ,10 ലക്ഷം ആളുകൾക്ക് 2 ദശലക്ഷം ഗാലൻ വെള്ളം എന്നിവയും വിതരണം ചെയ്തു. 20 ബേക്കറികൾ വഴി ദിവസവും 76,000 ആളുകൾക്ക് റൊട്ടി ഉൽപാദിപ്പിച്ചിരുന്നു.

ഗസ്സയിലേക്കുള്ള മാനുഷിക പ്രവർത്തനങ്ങളിൽ ഭാ​ഗമാകുന്നവർക്ക് നന്ദിയും അഭിനന്ദനവും ഡോ.അൻവർ ഗാർഗാഷ് അറിയിച്ചു. കര-വ്യോമ-കടൽ മാർ​ഗങ്ങളിലൂടെ കൂടുതൽ സഹായമെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തും.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News