ഇനി ജോലി നാലര ദിവസം മാത്രം, ലോകത്ത് ആദ്യം; യുഎഇയുടെ തൊഴിലാളിസൗഹൃദ പ്രഖ്യാപനം

മൊത്തം 36 മണിക്കൂറായിരിക്കും ഇനിമുതൽ യുഎഇയിലെ പ്രതിവാര പ്രവൃത്തിസമയം. നേരത്തെ സ്വീഡനും തൊഴിൽസമയം കുറച്ചിരുന്നു. എന്നാൽ, ഇത് 40 മണിക്കൂറായിരുന്നു

Update: 2021-12-07 14:42 GMT
Editor : Shaheer | By : Web Desk
Advertising

പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രവൃത്തി ദിവസങ്ങൾ നാലരദിവസമായി കുറച്ച് തൊഴിലാളി സൗഹൃദത്തിന്റെ പുതിയ അധ്യായം രചിച്ചിരിക്കുകയാണ് യുഎഇ. ആഗോള തൊഴിൽക്രമത്തിൽനിന്നു മാറി ഇതാദ്യമായാണ് ഒരു രാജ്യം പ്രവൃത്തിദിവസം അഞ്ചിൽനിന്നും കുറയ്ക്കുന്നത്. സ്വകാര്യ മേഖലകളിലും പുതിയ സമയക്രമം നടപ്പാക്കണമെന്നും യുഎഇ അധികൃതർ നിർദേശിച്ചിട്ടുണ്ട്.

തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ വൈകീട്ട് 3.30 വരെ എട്ടു മണിക്കൂറായിരിക്കും പ്രവൃത്തിസമയം. വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12 വരെയും. വെള്ളിയാഴ്ച ഉച്ചമുതൽ ശനിയും ഞായറുമടക്കം രണ്ടര ദിവസമായിരിക്കും വാരാന്ത്യ അവധി. ഇതാദ്യമായി ആഗോള തൊഴിൽക്രമത്തിനനുസരിച്ച് വാരാന്ത്യ അവധിദിനം പുനക്രമീകരിക്കുകയും ചെയ്തു.

മൊത്തം 36 മണിക്കൂറായിരിക്കും ഇനിമുതൽ യുഎഇയിലെ പ്രതിവാര പ്രവൃത്തിസമയം. നേരത്തെ സ്വീഡനും തൊഴിൽസമയം കുറച്ചിരുന്നു. എന്നാൽ, ഇത് 40 മണിക്കൂറായിരുന്നു. പ്രവൃത്തിസമയം വെട്ടിക്കുറച്ചും വാരാന്ത്യ അവധി സമയം കൂട്ടിയും തൊഴിലാളിക്ഷേമവും ആരോഗ്യവും ഉറപ്പിക്കുകയും അതുവഴി പ്രവർത്തനക്ഷമത കൂട്ടുകയുമാണ് ലക്ഷ്യമിടുന്നതെന്നാണ് യുഎഇ വൃത്തങ്ങൾ അറിയിച്ചിട്ടുള്ളത്.

പുതിയ വാരാന്ത്യ അവധിയും പുതുക്കിയ പ്രവൃത്തി സമയവും രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളും പിന്തുടരണമെന്ന് യുഎഇ തൊഴിൽമന്ത്രി അബ്ദുറഹ്‌മാൻ അബ്ദുൽ മന്നാൻ അറിയിച്ചിട്ടുണ്ട്. കൂടുതൽ അവധിയുടെ പ്രയോജനം സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും കുടുംബത്തിനും ലഭിക്കണമെന്നും തൊഴിൽമന്ത്രി പറഞ്ഞു. അബൂദബിയിലെ സ്വകാര്യ സ്‌കൂളുകളും പുതിയ സമയക്രമത്തിലേക്ക് മാറുമെന്ന് അറിയിച്ചിട്ടുണ്ട്.

Summary: The UAE to become the first nation in the world to introduce a national working week that is shorter than the global five-day week. The public sector employees in the UAE will work for 8 hours a day for four days a week

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News