വിപിഎന്നിലും ഒന്നാമൻ യുഎഇ, കഴിഞ്ഞ ആറുമാസത്തിനിടെ അറുപത് ലക്ഷം വിപിഎൻ ഡൗൺലോഡുകൾ
ദുരുപയോഗത്തിന് ഇരുപത് ലക്ഷം ദിർഹം വരെ പിഴ
ദുബൈ: വിർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN) ആപ്ലിക്കേഷനുകളുടെ ഉപയോഗത്തിൽ വലിയ വർധന. ആറുമാസത്തിനിടെ രേഖപ്പെടുത്തിയത് 60 ലക്ഷം ഡൗൺലോഡുകൾ. സൈബർ ന്യൂസ് പറയുന്നത് പ്രകാരം 2020 മുതൽ 2025-ന്റെ ആദ്യ പകുതി വരെ യുഎഇയിലെ വിപിഎൻ ഉപയോഗ നിരക്ക് 65.78% ആയിരുന്നു. ഖത്തർ, സിംഗപ്പൂർ, നൗറു, ഒമാൻ, സൗദി അറേബ്യ, നെതർലാൻഡ്‌സ്, യുകെ, കുവൈത്ത്, ലക്സംബർഗ് രാജ്യങ്ങളാണ് യഥാക്രമം ആദ്യ പത്തിൽ ഇടംനേടിയത്. യുഎഇയിലെ താമസക്കാർക്ക് വിപിഎൻ ആപ്പുകൾ ഉപയോഗിക്കാൻ അനുവാദമുണ്ട്, എന്നാൽ അതിന്റെ ദുരുപയോഗം ചെയ്യുന്നവർക്ക് ഗുരുതരമായ ശിക്ഷകളാണ് നേരിടേണ്ടത്.
നിയമം ലംഘിക്കുകയും വിപിഎൻ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നവർക്ക് തടവുശിക്ഷയും അഞ്ച് ലക്ഷം ദിർഹം മുതൽ ഇരുപത് ലക്ഷം ദിർഹം വരെയും പിഴ ലഭിച്ചേക്കാം. യുഎഇ സർക്കാർ ബ്ലോക്ക് ചെയ്ത വെബ്സൈറ്റുകളിലേക്കും കോളിങ് ആപ്പുകളിലേക്കും ഗെയിമിങ് പ്ലാറ്റ്‌ഫോമുകളിലേക്കും പ്രവേശിക്കുന്നതിനായി ഐപി വിലാസം മറച്ചുവെക്കുന്നതിനുള്ള വിപിഎൻ ഉപയോഗം നിയമലംഘനമാണ്. കുറ്റകൃത്യം ചെയ്യാനോ അതു മറച്ചുവെക്കാനോ വിപിഎൻ ഉപയോഗിക്കുന്നതും രാജ്യത്ത് നിയമവിരുദ്ധമാണ്.