പ്രവാസികൾക്ക് ആശ്വാസം; യുഎഇയിൽ ഇന്ധനവില കുറഞ്ഞു, പുതിയ നിരക്കുകൾ അറിയാം
പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിനു ശേഷം രാജ്യത്തെ റീട്ടെയിൽ ഇന്ധന നിരക്കുകളിൽ 60 ശതമാനത്തിലധികം വർധനവ് രേഖപ്പെടുത്തിയിരുന്നു
ദുബൈ: യുഎഇയിൽ നവംബർ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. തുടർച്ചയായി മൂന്ന് മാസങ്ങളിൽ ഉയർന്ന നിരക്കുകൾക്ക് ശേഷമാണ് രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ കുറവ് രേഖപ്പെടുത്തുന്നത്. ശനിയാഴ്ച പ്രഖ്യാപിച്ച പുതുക്കിയ നിരക്കുകൾ നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഇതിനു മുൻപ് നേരിയ തോതിൽ വില കുറഞ്ഞത്. മേഖലയിലെ സംഘർഷങ്ങളെത്തുടർന്ന് കഴിഞ്ഞ നാല് മാസങ്ങളിലായി ഇന്ധനവില ഉയർന്നു നിൽക്കുകയായിരുന്നു.
പുതിയ നിരക്കുകൾ പ്രകാരം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 4.16 ദിർഹമായിരിക്കും വില. ഒക്ടോബറിൽ ഇത് 4.40 ദിർഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോളിന് നിലവിലെ 4.28 ദിർഹത്തിൽ നിന്ന് 4.04 ദിർഹമായും ഇ-പ്ലസ് 91 പെട്രോളിന് 4.21 ദിർഹത്തിൽ നിന്ന് 3.97 ദിർഹമായും വില കുറഞ്ഞു. ഡീസൽ ലിറ്ററിന് 4.80 ദിർഹത്തിൽ നിന്ന് 4.75 ദിർഹമായാണ് താഴ്ന്നത്.
ഫെബ്രുവരി 28ന് പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിനു ശേഷം രാജ്യത്തെ റീട്ടെയിൽ ഇന്ധന നിരക്കുകളിൽ 60 ശതമാനത്തിലധികം വർധനവ് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ജൂലൈയിൽ ചെറിയ തോതിൽ വില കുറഞ്ഞെങ്കിലും ആഗസ്റ്റ് മുതൽ വീണ്ടും ഉയരുകയായിരുന്നു. പ്രതിമാസ കുടുംബ ബജറ്റുകളിൽ പ്രധാന പങ്കുവഹിക്കുന്ന യാത്രാച്ചെലവിൽ പുതിയ ഇളവ് വലിയ ആശ്വാസം നൽകും. സാധാരണക്കാരായ പ്രവാസികൾക്കും വാഹന ഉടമകൾക്കും നവംബർ മാസത്തിലെ ഈ വിലക്കുറവ് ഏറെ ഗുണം ചെയ്യും.