1.29 കോടി രൂപ സമ്മാനം; അറബ് റീഡിങ് ചലഞ്ചിൽ ഈജിപ്ഷ്യൻ പെൺകുട്ടിക്ക് കിരീടം
സമ്മാനത്തുക കൊണ്ട് സ്വന്തം സ്‌കൂളിലൊരു ലൈബ്രറി നിർമിക്കണമെന്നും പെൺകുട്ടി
ദുബൈ: ദുബൈയിലെ അറബിക് വായനാ മത്സരമായ അറബ് റീഡിങ് ചലഞ്ചിൽ ഈജിപ്തിൽ നിന്നുള്ള പതിനൊന്നുകാരി മായർ ഒസ്മാൻ ജേതാവായി. ദുബൈയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മായറിന് അഞ്ച് ലക്ഷം ദിർഹം (ഏകദേശം 1.29 കോടിയിലധികം രൂപ) സമ്മാനമായി ലഭിച്ചു. മത്സരത്തിന്റെ ഭാഗമായി അറുപതിലധികം പുസ്തകങ്ങൾ വായിച്ചുതീർത്താണ് ഈ മിടുക്കി ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. മത്സരത്തിൽ ഫലസ്തീനിൽ നിന്നുള്ള പതിനാറുകാരി ഗസൽ തൈം രണ്ടാം സ്ഥാനവും, സൗദിയിൽ നിന്നുള്ള പതിനൊന്നുകാരൻ റയാൻ അൽ സക്രി മൂന്നാം സ്ഥാനവും നേടി. സമ്മാനത്തുക ഉപയോഗിച്ച് സ്വന്തം സ്‌കൂളിൽ ഒരു ലൈബ്രറി നിർമിക്കാനാണ് തന്റെ ആഗ്രഹമെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം മായർ പ്രതികരിച്ചു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2015ൽ തുടക്കം കുറിച്ച പദ്ധതിയാണിത്. അറബ് യുവതലമുറയിൽ വായനാശീലം വളർത്തുക, ഭാഷാ വൈദഗ്ധ്യം വർധിപ്പിക്കുക, അറിവിലൂടെ മികച്ച വ്യക്തിത്വങ്ങൾ രൂപപ്പെടുത്തുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ. ദുബൈയിൽ നടന്ന ചടങ്ങിൽ വിവിധ വിഭാഗങ്ങളിലായി മറ്റ് പ്രമുഖ പുരസ്‌കാരങ്ങളും വിതരണം ചെയ്തു. വിദ്യാർഥികളെ നയിച്ച മികച്ച സൂപ്പർവൈസർക്കുള്ള പുരസ്‌കാരം ജോർദാനിൽ നിന്നുള്ള ഫഖ്രി മായസ് സ്വന്തമാക്കി; മൂന്ന് ലക്ഷം ദിർഹമാണ് സമ്മാനം. ഒരു ദശലക്ഷം ദിർഹം സമ്മാനമുള്ള മികച്ച സ്‌കൂളിനുള്ള പുരസ്‌കാരം ടുണീഷ്യയിലെ സീദി അമർ പ്രൈമറി സ്‌കൂൾ നേടി. വിദേശത്ത് താമസിക്കുന്ന അറബ് വിദ്യാർഥികളിൽ ന്യൂസിലാൻഡിൽ നിന്നുള്ള സുഹൈബ് മായിദും, ഭിന്നശേഷി വിഭാഗത്തിൽ സിറിയയിൽ നിന്നുള്ള മഹ്‌മൂദ് ഒമ്രാനും ചാമ്പ്യന്മാരായി.
വൻ ജനപങ്കാളിത്തം കൊണ്ടും ഇത്തവണത്തെ മത്സരം ശ്രദ്ധേയമായി. ലോകത്തെ 60 രാജ്യങ്ങളിൽ നിന്നായി നാല് കോടിയിലധികം വിദ്യാർഥികളാണ് ഈ വർഷം മാറ്റുരച്ചത്. ഇതിൽ 74,000ലധികം ഭിന്നശേഷിക്കാരായ കുട്ടികളും ഉൾപ്പെടുന്നു. കഴിഞ്ഞ തവണത്തേക്കാൾ 24 ശതമാനം വർധനവാണ് പങ്കാളിത്തത്തിൽ ഉണ്ടായത്. ഒന്നര ലക്ഷത്തോളം അധ്യാപകരും ഒരു ലക്ഷത്തിലധികം സ്‌കൂളുകളും ഈ വലിയ ദൗത്യത്തിൽ ഭാഗമായി. ആരംഭം മുതൽ ഇതുവരെ 20 കോടിയിലധികം വിദ്യാർഥികളിലേക്ക് ഈ വായനാ വസന്തം എത്തിച്ചേർന്നിട്ടുണ്ട്.