ജനുവരി 7 സായിദ് ഫൗണ്ടർ ദിനം; രാഷ്ട്രപിതാവ് ശൈഖ് സായിദിന്‍റെ ഓർമദിനം പ്രഖ്യാപിച്ച് യുഎഇ

രാജ്യത്തിന്‍റെ ചരിത്രവും ശൈഖ് സായിദ് ഉയർത്തിപ്പിടിച്ച മൂല്യങ്ങളും വരും തലമുറയിലേക്കും പകരൽ ലക്ഷ്യം

Update: 2026-10-28 13:41 GMT
Editor : Rafeeq MM | By : Gulf Desk

ദുബൈ: യുഎഇയുടെ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്​യാന്‍റെ ഭരണനൈപുണ്യവും രാജ്യത്തിന് നൽകിയ സംഭാവനകളും സ്മരിക്കുന്നതിനായി ജനുവരി 7 'സായിദ് ദി ഫൗണ്ടർ ഡേ’ ആയി ആചരിക്കും. യുഎഇ പ്രസിഡന്‍റ്​ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ ആണ്​ പ്രഖ്യാപനം നടത്തിയത്. ​"യുഎഇയുടെ രാഷ്ട്രപിതാവ് ശൈഖ് സായിദ് ജനമനസ്സുകളിൽ എന്നും ജീവിക്കുന്നു. യൂണിയൻ രൂപവത്​കരണത്തിന് നേതൃത്വം നൽകുകയും രാജ്യത്തിന് ശക്തമായ അടിത്തറയിടുകയും ചെയ്ത അദ്ദേഹത്തിന്‍റെ ജീവിതം കാരുണ്യത്തിന്‍റെയും മനുഷ്യത്വത്തിന്‍റെയും പ്രതീകമായിരുന്നു" അദ്ദേഹം ദിനാചരണം പ്രഖ്യാപിച്ചുകൊണ്ട്​ എക്സിൽ കുറിച്ചു.

Advertising
Advertising

രാജ്യത്തിന്‍റെ ചരിത്രവും ശൈഖ് സായിദ് ഉയർത്തിപ്പിടിച്ച മൂല്യങ്ങളും വരുംതലമുറകളിലേക്കും പകർന്നുനൽകുക എന്നതാണ് ദിനാചരണം കൊണ്ട് ലക്ഷ്യമാക്കുന്നത്​. യുഎഇ യുടെ പ്രധാന തീരുമാനങ്ങൾ, തത്വങ്ങൾ, മൂല്യങ്ങൾ എന്നിവ മനസ്സിലാക്കാനും സ്വന്തം ജീവിതത്തിൽ പകർത്തി രാജ്യത്തിന്‍റെ ഭാവിയിലേക്ക് എങ്ങനെ സംഭാവന ചെയ്യാൻ സാധിക്കുമെന്ന് ചിന്തിക്കാനും ഈ ദിനം യുവതലമുറക്ക്​ അവസരം നൽകും. എല്ലാ രാജ്യക്കാർക്കും ഏതു പ്രായക്കാർക്കും സായിദ് ദിനാഘോഷത്തിൽ പങ്കുചേരാം. വിദ്യാഭ്യാസം, സംസ്‌കാരം, ഗവേഷണം , സാമൂഹിക പങ്കാളിത്തം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികളുടെ കേന്ദ്രബിന്ദുവായി ഈ ദിനം മാറും. ജനുവരി 7ന് പുറമെ വർഷം മുഴുവൻ നീളുന്ന പ്രവർത്തനങ്ങളും ഉണ്ടായിരിക്കും.

വർഷത്തിന്‍റെ തുടക്കത്തിൽ തന്നെ ഈ ദിനം നിശ്ചയിച്ചത് കൃത്യമായ ഉദ്ദേശത്തോടെയാണ് . സ്കൂളുകളും ഓഫീസുകളും ഒരു പുതിയ വർഷത്തിലേക്ക് കടക്കുമ്പോൾ ശൈഖ് സായിദിന്‍റെ മൂല്യങ്ങൾ ഓർക്കാനും പ്രതിബദ്ധത പുതുക്കാനും, വർഷത്തിലുടനീളം അത് മുന്നോട്ട് കൊണ്ടുപോകാനും ഈ ദിനം കാരണമാകും. 'ദി ഫൗണ്ടേഴ്സ് ഓഫീസ്' ആണ് ഈ ദിനാചരണത്തിന് പിന്നിൽ മുൻകൈ എടുത്തത്.

Writer - Rafeeq MM

contributor

Editor - Rafeeq MM

contributor

By - Gulf Desk

contributor

Similar News