നവംബറിൽ യുഎഇയിൽ കനത്ത മഴക്ക്​ സാധ്യത; കാരണം 'എൽനിനോ'യോ?

ആദ്യ രണ്ടാഴ്ചയിലാണ്​ ശക്​തമായ മഴക്ക്​ കാലാവസ്ഥ വിദഗ്​ധർ സാധ്യത പറഞ്ഞിരിക്കുന്നത്​

Update: 2026-10-30 11:27 GMT
Editor : Rafeeq MM | By : Gulf Desk

അബൂദബി: നവംബർ മാസത്തിന്‍റെ ആദ്യ പകുതിയിൽ യുഎഇയിൽ അസ്ഥിര കാലാവസ്ഥക്കും ശക്​തമായ മഴക്കും സാധ്യതയുണ്ടെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ. മേഖലയിലൂടെ ശൈത്യകാലത്തിന് സമാനമായ തണുപ്പേറിയ ന്യൂനമർദം കടന്നുപോകാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. കാലാവസ്ഥാ പ്രവചനങ്ങളുടെ കാലയളവ് നീളുന്നതിനനുസരിച്ച് കൃത്യത ഗണ്യമായി കുറയുമെന്നും അൽ ജർവാൻ ഓർമ്മിപ്പിച്ചു. അടുത്ത 48 മണിക്കൂറിലേക്കുള്ള ഹ്രസ്വകാല പ്രവചനങ്ങൾക്ക് 90 ശതമാനത്തിലധികം കൃത്യതയുണ്ട്. 3 മുതൽ 8 ദിവസം വരെയുള്ള പ്രവചനങ്ങൾക്ക് 60 മുതൽ 80 ശതമാനം വരെയും 9 മുതൽ 15 ദിവസം വരെയുള്ള ദീർഘകാല പ്രവചനങ്ങൾക്ക് 50 ശതമാനത്തിൽ താഴെയും മാത്രമാണ് വിശ്വാസ്യത. അതിനാൽ ദീർഘകാല മുന്നറിയിപ്പുകളെ കൃത്യമായ ദൈനംദിന പ്രവചനങ്ങളായി കാണുന്നതിനേക്കാൾ വരാനിരിക്കുന്ന മാറ്റങ്ങളുടെ സൂചനകളായി മാത്രമേ വിലയിരുത്താനാകൂ.

Advertising
Advertising

2026 നവംബർ മുതൽ 2027 മാർച്ച് വരെ കാലയളവിൽ ആഗോളതലത്തിൽ 'എൽ നിനോ' നിലനിൽക്കാൻ 96 ശതമാനം സാധ്യതയുണ്ടെന്ന് യുഎഇ നാഷനൽ സെന്‍റർ ഓഫ് മീറ്ററോളജി വ്യക്തമാക്കി. പസഫിക് സമുദ്രത്തിലെ ഉപരിതല താപനില സാധാരണയേക്കാൾ 3.8°C വരെ ഉയർന്നേക്കാമെന്നും ഇത് അസാധാരണമാംവിധം ശക്തമായ എൽ നിനോ സാഹചര്യങ്ങൾക്ക് വഴിവെച്ചേക്കാമെന്നും ലോക കാലാവസ്ഥാ സംഘടന ചൂണ്ടിക്കാട്ടുന്നു. കടലും അന്തരീക്ഷവും തമ്മിലുള്ള ബന്ധത്തെ സമുദ്രതാപനം മാറ്റിമറിക്കുകയും ആഗോളതലത്തിൽ കാറ്റിന്‍റെ സഞ്ചാരത്തെയും അന്തരീക്ഷമർദത്തെയും സ്വാധീനിക്കുകയും ചെയ്യാറുണ്ട്. ഇതിന്‍റെ ഫലമായി അറേബ്യൻ ഗൾഫിലും അറേബ്യൻ ഉപദ്വീപിലും വീശുന്ന കാറ്റിലും ന്യൂനമർദങ്ങളുടെ നീക്കത്തിലും പരോക്ഷമായ മാറ്റങ്ങൾ ഉണ്ടാകാം.

എങ്കിലും, 96 ശതമാനം സാധ്യതയെന്നത് എൽ നിനോയുടെ സാന്നിധ്യത്തെ മാത്രമാണ് സൂചിപ്പിക്കുന്നതെന്നും യുഎഇയിൽ കനത്ത മഴ പെയ്യുമെന്നതിന് ഉറപ്പല്ലെന്നും നാഷനൽ സെന്‍റർ ഓഫ് മീറ്ററോളജി വ്യക്തമാക്കി. അന്തരീക്ഷത്തിലെ ഈർപ്പം, കാറ്റിന്‍റെ ദിശ, അപ്പപ്പോഴുള്ള കാലാവസ്ഥാ ഘടനകളുടെ ശക്തി എന്നിവയെ ആശ്രയിച്ചായിരിക്കും മഴയുടെ തോത് നിർണയിക്കപ്പെടുക. അതിനാൽ സമീപിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങളുടെ കൃത്യമായ സമയവും തീവ്രതയും അറിയാൻ ഔദ്യോഗിക ഹ്രസ്വകാല മുന്നറിയിപ്പുകൾ നിരീക്ഷിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Tags:    

Writer - Rafeeq MM

contributor

Editor - Rafeeq MM

contributor

By - Gulf Desk

contributor

Similar News